വിദേശത്തു ഉപരിപഠനം വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു.

0

വിദേശ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തിന്റെ എച്ച് ആര്‍ മാനേജരായ കോഴിക്കോട് സ്വദേശി ആകാശ് ശശി (28) എന്നയാളെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ബത്തേരി സ്വദേശിയായ ഡോക്ടര്‍ക്ക് സിങ്കപ്പൂരില്‍ ഉപരിപഠനത്തിനു പ്രവേശനം വാങ്ങി നല്‍കാം എന്ന് വിശ്വസിപ്പിച്ചു 5 ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് യു.കെ യില്‍ എം.ബി.എ ക്ക് സീറ്റ് നല്‍കാം എന്ന് വിശ്വസിപ്പിച്ച് 9 ലക്ഷം രൂപയും വാങ്ങിയാണ് അഡ്മിഷന്‍ നല്‍കാതെ ചതിച്ചത്. ഇവരുടെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതില്‍ ആല്‍ഫ മേരി ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഈ വിധം വഞ്ചിച്ചു പണം തട്ടിയെടുത്തതായി വ്യക്തമായിട്ടുണ്ട്.

23 ഓളം കേസുകള്‍ ഈ സ്ഥാപനത്തിന് എതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു. ഡല്‍ഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ ഓഫീസ് ഉണ്ട് എന്നവകാശപെടുന്ന സ്ഥാപനത്തിന്റെ ഈ ഓഫീസുകള്‍ വര്‍ഷങ്ങള്‍ക് മുന്പേ പൂട്ടി പോയതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമയായ റോജര്‍ എന്നയാളെ നേരെത്തെ പോലീസ് പിടികൂടിയിരുന്നു. എച്ച്ആര്‍ മാനേജര്‍ ആയ ആകാശ് ആണ് വിദ്യാര്‍ത്ഥികളെ തന്ത്രപൂര്‍വ്വം ഈ തട്ടിപ്പില്‍ വീഴ്ത്തികൊണ്ടിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് തട്ടിപ്പ് കമ്പനിയില്‍ നിന്നും ഭീമമായ പണം ഇയാള്‍ വാങ്ങിയെടുത്തതായി മനസിലാക്കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതായി മനസിലാക്കിയ ഇയാള്‍ ഒളിവില്‍ പോവുകയും പിന്നീട് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുകകയും ചെയ്തുവെങ്കിലും കോടതി ജാമ്യം തള്ളികളയുകയാണ് ഉണ്ടായത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.. അന്വേഷണ സംഘത്തില്‍ എ.എസ്.ഐ ജോയ്സ് ജോണ്‍, എസ്.സി.പി.ഒ. അബ്ദുല്‍ സലാം കെ.എ, സി.പി.ഒ ജിസണ്‍ ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!