പാഴ്വസ്തു ശേഖരണം; കലണ്ടര്‍ പ്രകാശനം ചെയ്തു

0

ക്ലീന്‍ കേരള കമ്പനിയുടെ 2023-ലെ പാഴ് വസ്തു ശേഖരണ കലണ്ടര്‍ പ്രകാശനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ ഓഫീസില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബുവിന് നല്‍കിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. ചടങ്ങില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ടി പ്രജുകുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികളായ അക്ഷയ്, ഐസക്, വിഷ്ണുദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേന ഓരോ മാസവും ശേഖരിക്കേണ്ട വിവിധതരം പാഴ് വസ്തുകള്‍ ഏതൊക്കെ എന്നതാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാതരം പ്ലാസ്റ്റിക്കും, പേപ്പറും, പേപ്പര്‍ ബാഗും, കാര്‍ഡ് ബോര്‍ഡും എല്ലാ മാസവും ഹരിതകര്‍മസേന ശേഖരിക്കുന്നതോടൊപ്പം ഡിസംബര്‍ വരെ മറ്റ് പാഴ് വസ്തുക്കളും വീടുകളിലും നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്നതിനാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. കലണ്ടര്‍ പ്രകാരം 16 ഇനം പാഴ് വസ്തുക്കളാണ് ഓരോ വര്‍ഷവും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്നത്. ഇത്തരത്തില്‍ പാഴ് വസ്തു ശേഖരണം കൃത്യതയോടെ നടക്കുന്നതിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ തോത് കുറക്കാനും അവ ശാസ്ത്രീയമായ സംസ്‌കരണത്തിന് വിധേയമാക്കാനും സാധിക്കും. ഹരിത കര്‍മ സേന ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയ്ക്കുനല്‍കുന്ന പാഴ് വസ്തുക്കളില്‍ പലതും പുനരുപയോഗത്തിന് വിധേയമാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി എന്നീ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ജില്ലയില്‍ പാഴ് വസ്തു ശേഖരണം നടത്തുന്നത്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂള്‍ പ്രകാരമാണ് 4 ബ്ലോക്കുകളില്‍ നിന്നും നിലവില്‍ അജൈവ മാലിന്യ ശേഖരണം നടത്തുന്നത്. ഇതു പ്രകാരം സെക്ടര്‍ ഒന്നില്‍ ഉള്‍പ്പെടുന്ന മാനന്തവാടി മുനിസിപ്പാലിറ്റി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നും മാസത്തിലെ ആദ്യ ആഴ്ചയിലും സെക്ടര്‍ രണ്ടില്‍ ഉള്‍പ്പെടുന്ന മാനന്തവാടി ബ്ലോക്കില്‍ നിന്ന് രണ്ടാമത്തെ ആഴ്ചയിലും സെക്ടര്‍ മൂന്നില്‍ ഉള്‍പ്പെടുന്ന പനമരം ബ്ലോക്കില്‍ നിന്ന് മൂന്നാമത്തെ ആഴ്ചയിലും സെക്ടര്‍ നാലില്‍ ഉള്‍പ്പെടുന്ന കല്‍പ്പറ്റ ബ്ലോക്കില്‍ നിന്ന് നാലാമത്തെ ആഴ്ചയിലുമാണ് ക്ലീന്‍ കേരള കമ്പനി അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ഷെഡ്യൂള്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മുമ്പോ ശേഷമോ ഏതൊരു തദ്ദേശസ്ഥാപനത്തിനും അടിയന്തിരമായി മാലിന്യ നീക്കംചെയ്യേണ്ടതുണ്ടെങ്കില്‍ ക്ലീന്‍ കേരള കമ്പനിയെ അറിയിക്കുന്ന മുറക്ക് അവ നീക്കം ചെയ്ത് നല്‍കുന്നതായിരിക്കുമെന്നും ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ അറിയിച്ചു.

കലണ്ടര്‍ പ്രകാരം ഓരോ മാസവും ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍

ജനുവരി (ഇ-വേസ്റ്റ്)
ഫെബ്രുവരി (തുണി മാലിന്യം)
മാര്‍ച്ച് (ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്, കണ്ണാടി)
ഏപ്രില്‍ (ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍, തുകല്‍, കാര്‍പ്പറ്റ്, അപ്ഹോള്‍സറ്ററി വേസറ്റുകളായ ഉപയോഗ ശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ)
മെയ് (കുപ്പി, ചില്ലുമാലിന്യങ്ങള്‍)
ജൂണ്‍ (ഉപയോഗ ശൂന്യമായ വാഹന ടയര്‍)
ജൂലൈ (ഇ-വേസ്റ്റ്)
ആഗസ്റ്റ് (പോളി എത്തിലീന്‍, പ്രിന്റിംങ് ഷീറ്റ്, സ്‌ക്രാപ്പ് ഇനങ്ങള്‍)
സെപ്തംബര്‍ (മരുന്ന് സ്ട്രിപ്പ്)
ഒക്ടോബര്‍ (ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ് ,ട്യൂബ്, കണ്ണാടി)
നവംബര്‍ (ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍, തുകല്‍, കാര്‍പ്പറ്റ്, അപ്ഹോള്‍സറ്ററി വേസറ്റുകളായ ഉപയോഗ ശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ)
ഡിസംബര്‍ (കുപ്പി, ചില്ലുമാലിന്യങ്ങള്‍)

 

Leave A Reply

Your email address will not be published.

error: Content is protected !!