എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 4.27 ലക്ഷം കുട്ടികള്‍; 2,962 കേന്ദ്രങ്ങള്‍

0

 

സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 31 മുതല്‍ ഏപ്രില്‍ 29 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 4,26,999 കുട്ടികള്‍. 408 പേര്‍ പ്രൈവറ്റ് ആയി പരീക്ഷയെഴുതും. ഗള്‍ഫ് മേഖലയില്‍ ഒന്‍പതു കേന്ദ്രങ്ങളിലായി 574, ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളിലായി 882 പരീക്ഷാര്‍ഥികളുണ്ട്. ഐടി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 3 മുതല്‍ 10 വരെയാണ്.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30 മുതല്‍ ഏപ്രില്‍ 26 വരെ നടക്കും. റഗുലറായി 3,65,871 കുട്ടികള്‍ പരീക്ഷയെഴുതും. 20,768 പേര്‍ പ്രൈവറ്റ് ആയും 45,797 പേര്‍ ഓപ്പണ്‍ സ്‌കൂളുകളിലും പരീക്ഷയില്‍ പങ്കെടുക്കും. ഗള്‍ഫ് മേഖലയിലെ 8 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ 9 എണ്ണവും അടക്കം ആകെ 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മേയ് 3 മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ.

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 30 മുതല്‍ ഏപ്രില്‍ 26 വരെയാണ്. 30,158 പേര്‍ റഗുലര്‍ ആയും 198 പേര്‍ പ്രൈവറ്റ് ആയും പരീക്ഷയെഴുതും. മറ്റുള്ള വിഎച്ച്എസ്ഇയില്‍ പ്രൈവറ്റ് ആയി പരീക്ഷയെഴുതുന്ന 1,174 പേര്‍ ഉള്‍പ്പെടെ 389 കേന്ദ്രങ്ങളിലായി 31,332 കുട്ടികളാണ് ആകെ പരീക്ഷയെഴുതുന്നത്. പ്രാക്ടിക്കല്‍ പരീക്ഷാ തീയതി സെക്ടറല്‍ സ്‌കില്‍ കൗണ്‍സിലും സ്‌കൂളുകളും ചേര്‍ന്നു തീരുമാനിച്ചു മേയ് 15 ന് അകം തീരുന്ന രീതിയില്‍ ക്രമീകരിക്കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എല്ലാ സ്ട്രീമുകളിലുമായി 8,91,373 കുട്ടികള്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തുമെന്നാണു കണക്കുകൂട്ടല്‍.

പുതിയ അധ്യയന വര്‍ഷം ജൂണ്‍ 1 മുതല്‍ തന്നെ

ജൂണ്‍ ഒന്നിനു തന്നെ പുതിയ അധ്യയന വര്‍ഷം തുടങ്ങാനുള്ള ഒരുക്കങ്ങളാണു നടക്കുന്നതെന്നു മന്ത്രി പറഞ്ഞു. പ്രവേശനോത്സവം ഉണ്ടായിരിക്കും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുന്നതിനു സ്‌കൂളുകളില്‍ മേയില്‍ ശില്‍പശാലകള്‍ നടത്തും. 1 മുതല്‍ 7 വരെ ക്ലാസുകളിലെ അധ്യാപകരുടെ പരിശീലനം മേയിലും ബാക്കിയുള്ളവരുടേതു പരീക്ഷാ മൂല്യനിര്‍ണയത്തിനു ശേഷം വിവിധ സമയങ്ങളിലായും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

എസ്സിഇആര്‍ടി, എസ്എസ്‌കെ, കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജന്‍സികളുടെയും സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂള്‍ തയാറാക്കുകയാണ്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്ത ഏകീകരണ പ്രക്രിയയുടെ നടപടികള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും സെക്രട്ടേറിയറ്റിലെ പൊതുവിദ്യാഭ്യാസ സെക്ഷനുകളിലെയും ഫയലുകള്‍ അടിയന്തരമായി തീര്‍പ്പാക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. മേയ്, ജൂണ്‍ മാസങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകള്‍ നടത്തുമെന്നു മന്ത്രി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!