പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി ട്രാക്കുകളില്‍ കുതിക്കുകയാണ് അമ്പലവയല്‍ സ്വദേശി എ.കെ.ഗോവിന്ദന്‍. ദേശീയ മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്ത് നിരവധി മെഡലുകളും പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.69ാം വയസില്‍ വിവിധ ആശയങ്ങള്‍ മുന്‍ നിര്‍ത്തി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 1000 കിലോമീറ്റര്‍ ഓട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് എകെ ഗോവിന്ദന്‍.
പ്രായത്തെ ഓടി തോല്‍പ്പിച്ച അമ്പലവയലിലെ ഈ 69 കാരന്‍ ഇന്നത്തെ യുവതലമുറയ്ക്ക് വിസ്മയമാകുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് കല്‍പ്പറ്റ എസ്. കെ.എം .ജെ ഗ്രൗണ്ടില്‍ മാസ്റ്റേഴ്‌സ് മത്സരത്തില്‍ പങ്കെടുത്തു വിജയിച്ചായിരുന്നു തുടക്കം.സ്‌കൂളിലെ പഠനകാലത്ത് ട്രാക്കിനോടു പ്രിയമുണ്ടായിരുന്നെങ്കിലും മത്സരങ്ങളില്‍ പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം 66ാം വയസിലാണ് എ.കെ.ഗോവിന്ദന്‍ ഒരു കായികതാരമായി പുറത്തുവരുന്നത്. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നിരവധി സംസ്ഥാന ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തു വിജയകൊടി പാറിച്ചു.
മത്സരങ്ങള്‍ക്ക് മികച്ച രീതിയില്‍ പരിശീലനം നല്‍കുന്നത് അമ്പലവയലിലെ മുന്‍ ഫുട്‌ബോള്‍ താരവും തോമാട്ട് ചാല്‍ ഗവ: ഹൈസ്‌കൂള്‍ കായികാധാപകനുമായ പി.കെ ഗോപാലകൃഷ്ണനെന്ന അമ്പലവയലിലെ ‘ഗോപാല്‍ജിയാണ്. കായിക മത്സരങ്ങളില്‍ കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ഓടി നേടിയ നൂറിലധികം വരുന്ന മെഡലുകളുടെ ശേഖരം അമ്പലവയിലെ ഗോവിന്ദേട്ടന്റെ വീട്ടിലെത്തുന്നവര്‍ക്ക് അത്ഭുതകാഴ്ച്ചയാണ്.