മൂന്നിടത്തായി കടുവയുടെയും പുലിയുടെയും കാല്‍പ്പാടുകള്‍ കണ്ടതോടെ അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ നെടുമുളളി, ആപ്പാളം, ഇരുട്ടറക്കൊല്ലി പ്രദേശവാസികള്‍ ഭീതിയില്‍.ആപ്പാളത്തും ഇരുട്ടറക്കൊല്ലിയിലും കണ്ടത് പുലിയുടെ കാല്‍പ്പാടുകളാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചു. അതേസമയം, നെടുമുളളിയില്‍ കഴിഞ്ഞദിവസം എത്തിയത് കടുവയാണെന്ന സംശയത്തിലാണ് വനംവകുപ്പ്. കാര്‍ഷികമേഖലയായ ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്.തിങ്കളാഴ്ച രാവിലെയാണ് നെടുമുളളിയിലെ ശശിധരന്റെ കപ്പത്തോട്ടത്തില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
വലിപ്പമേറിയ, ആഴത്തിലുളള കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ തോട്ടത്തില്‍ പണിക്കിറങ്ങിയപ്പോഴാണ് ആപ്പാളത്ത് കമുകിന്‍തോട്ടത്തിനടുത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനപാലകര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ തോട്ടങ്ങളില്‍ ചൊവ്വാഴ്ച തൊഴിലാളികള്‍ പണിക്കിറങ്ങിയില്ല. ഒരാള്‍ പുലിയെ നേരില്‍ക്കണ്ടെന്ന വാര്‍ത്തകൂടി പരന്നതോടെ ജനങ്ങള്‍ ഭീതിയിലായി. കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കാര്‍ഷികവൃത്തികള്‍ മുടങ്ങുമെന്ന ആശങ്കയാണുളളതെന്ന് പ്രദേശവാസയായ ജോയി മറ്റത്തില്‍ പറഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ഇരുട്ടറക്കൊല്ലി അമ്പലത്തിനടുത്തുളള തോട്ടത്തില്‍ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സമീപവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പൊതുഗതാഗത സൗകര്യമില്ലാത്ത പ്രദേശത്ത് കാല്‍നടയായി യാത്രചെയ്യുന്നവരാണ് ഏറെയും. വനപ്രദേശം അടുത്തെങ്ങുമില്ലാത്ത പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുളളവര്‍ യാത്രചെയ്യുന്നത് ഭീതിയോടെയാണ്.