സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് 22 ന്
മാനന്തവാടി: ഡിസംബര്‍ 25 ന് തരുവണയില്‍ വെച്ച് നടക്കുന്ന പള്ളിയാല്‍ കുടുംബ സംഗമത്തോടനുബന്ധിച്ച് നടത്തുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 ന് ശനിയാഴ്ച തരുവണയില്‍ വെച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബത്തേരി ഇഖ്റഅ ഹോസ്പിറ്റല്‍, കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രി എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനറല്‍ മെഡിസിന് പുറമെ ഹൃദ്രോഗം, സ്ത്രീരോഗം, ത്വക്ക്, അസ്ഥി, പല്ല്, കണ്ണ് എന്നിവയുടെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് രോഗികളെ പരിശോധിക്കുന്നത്. ആധുനിക പരിശോധനാ സജ്ജീകരണങ്ങളോടെയാണ് കാര്‍ഡിയോളജിയില്‍ പരിശോധന നടത്തുന്നത്്. രോഗികള്‍ക്ക് ആവശ്യമായ മരുന്നും തുടര്‍ ചികിത്സയില്‍ ഇളവുകളും നല്‍കുന്നുണ്ട്. കണ്ണ് സംബന്ധമായ രോഗങ്ങള്‍ക്ക് ആജീവനാന്ത ചികിത്സയും കണ്ണടകള്‍ക്ക് 25 ശതമാനം വരെ കിഴിവുമാണ് അല്‍സലാമ ആശുപത്രി നല്‍കുന്നത്. തരുവണ പള്ളിയാല്‍ ആര്‍ക്കേഡില്‍ വെച്ച് നടത്തുന്ന ക്യാമ്പ് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വി ജിതേഷ് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ബക്കര്‍ പള്ളിയാല്‍, നാസര്‍. പി,അബു മീത്തല്‍, ഡോ.നൗഷാദ്, പി.ഇബ്രാഹിം അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.