എട്ട് മാസങ്ങളായി കടുവാ പേടിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് പൊന്‍മുടികോട്ട പ്രദേശം.ലോക്ഡൗണിന് സമാനമാണ് മാസങ്ങളായി ഈ പ്രദേശം.വലിയ വരുമാനമില്ലാഞ്ഞിട്ടും പ്രദേശവാസികള്‍ കടുവയെ ഭയന്ന് വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.പലരും പ്രധാനവരുമാന സ്രോതസായിരുന്ന കറവപശുക്കളെയും, ആടുകളെയും കിട്ടിയ വിലക്ക് കൂട്ടത്തോടെ വിറ്റു.
കാലി തൊഴുത്തിന് സമീപം തീ കുട്ടി കാവലിരുന്നും, മുറ്റത്ത് കളിക്കാന്‍ പോലും വിടാതെ കുട്ടികളെ അകത്തിരുത്തി അമ്മമാരും ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. നിരവധി ആളുകളാണ് വളര്‍ത്ത് മൃഗങ്ങളെ ഒഴിവാക്കിയത്. പ്രായമായ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം ജീവിക്കുന്ന തങ്കച്ചന് കറവപശുവാണ് ഏകവരുമാന മാര്‍ഗ്ഗം. എന്നാല്‍ കടുവയെ തൊഴുത്തിന് സമീപം രണ്ട് തവണ നേരില്‍ കണ്ടപ്പോള്‍ ഒരു പരീക്ഷണത്തിന് നില്‍ക്കാതെ ആകെ വരുമാന മാര്‍ഗ്ഗം ഉപേക്ഷിക്കുകയായിരുന്നു. 20 ആടുകളാല്‍ സമൃദ്ധമായിരുന്ന മുരളിയുടെ ആടിന്‍ കൂട് ഇന്ന് വിറക് പുരയാണ്. സമീപത്തെ വീട്ടിലെ ആടിനെ കടുവ ആക്രമിച്ചപ്പോ കിട്ടിയ വിലക്ക് മുരളിയും ആടുകളെ വില്‍ക്കുകയായിരുന്നു.മാനന്തവാടി പുതുശ്ശേരിയിലെ കടുവാ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് സ്ഥലത്ത് കൂട് എത്തിച്ചെങ്കിലും കൂടു സ്ഥാപിച്ചിട്ടില്ല. പ്രദേശത്ത് ജീവിതം ദുസഹമായ സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നാട്ടുകാര്‍ അനശ്ചിതകാല സമരം ആരംഭിക്കുകയാണ്.