പിടി സെവന്‍ കൊമ്പനെ പിടികൂടാന്‍ വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി ദൗത്യസംഘം വീണ്ടും പാലക്കാട്ടേക്ക്. ആര്‍ ആര്‍ ടി റേഞ്ചര്‍ എന്‍ രൂപേഷിന്റെയും, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെയും നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് അടുത്ത ദിവസം ചുരമിറങ്ങുക. ഇതിനുമുന്നോടിയായി മുത്തങ്ങ ആനപന്തിയിലെ കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാനെ നാളെ പാലക്കാട്ടേക്ക് കൊണ്ടുപോകും.
പാലക്കാട് ജില്ലയിലെ ധോണിയില്‍ മാസങ്ങളായി ഭീതിപരത്തുന്ന പിടി സെവന്‍ എന്നകൊമ്പനെ പിടികൂടാനാണ് വയനാട്ടില്‍ നിന്നുളള പ്രത്യേക ദൗത്യസംഘം പാലക്കാട്ടേക്ക് വീണ്ടും യാത്രയാകുന്നത്. ആര്‍ആര്‍ടി റെയിഞ്ചറുടെയും, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്റെയും നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് കൊമ്പനെ പിടികൂടാനായി യാത്രയാകുന്നത്. നാളെ മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനയായ കോന്നി സുരേന്ദ്രനുമായി പത്തംഗ സംഘ യാത്രതിരിക്കും. വ്യാഴാഴ്ച റെയിഞ്ചറും ഡോക്ടറുമടങ്ങുന്ന സംഘവും യാത്രയാകും. ഈ മാസം ആദ്യം ദൗത്യസംഘം പാലക്കാട്ടേക്ക് പിടിസെവനെ പിടികൂടാന്‍ തിരിച്ചെങ്കിലും ബത്തേരി ടൗണില്‍ ആനയിറങ്ങിയതോടെ തിരിച്ചുവരുകയായിരുന്നു. തുടര്‍ന്ന് ഈ ആനയെ പിടികൂടി പന്തിയിലടച്ചു. തുടര്‍ന്നാണ് വീണ്ടും പാലക്കാട് ധോണിയിലേക്ക് സംഘം യാത്രയാകുന്നത്. നിലവില്‍ മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ പ്രമുഖ, അഗസത്യന്‍, ഭരത്, വിക്രം എന്നിവര്‍ പാലക്കാട് ധോണിയിലാണുള്ളത്. ഇതിനപുറമെയാണ് നാളെ സുരേന്ദ്രനെന്ന കുങ്കിയാനയെയും കൊണ്ടുപോകുന്നത്.