മഞ്ഞണിഞ്ഞ് വയനാട്

0

ധനുമാസക്കുളിര് വിടാതെ മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍കാലത്തും മഞ്ഞുപെയ്യുകയാണ്. രണ്ടാഴ്ചയിലധികമായി 12-13 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് രാവിലത്തെ താപനില. ഡിസംബര്‍ പാതിയോടെയാണ് തണുപ്പ് ഏറിയത്. ഡിസംബര്‍ അവസാനം 16 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനില ജനുവരിയില്‍ വീണ്ടും താഴെയെത്തി.

ജനുവരി ആരംഭം 12.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അതിരാവിലത്തെ താപനില. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 14 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ഉയര്‍ന്ന താപനില 27 ഡിഗ്രി സ്യെഷ്യസായിരുന്നു. വരുംദിനങ്ങളിലും കടുത്ത തണുപ്പിന് സാധ്യതയുണ്ടെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ ഡിസംബര്‍ പകുതിയോടെ ശൈത്യം കൂടി ജനുവരി ആദ്യവാരത്തോടെ കുറയുകയായിരുന്നു പതിവ്. ഇത്തവണ ജനുവരി പാതി പിന്നിടുമ്പോഴും കുളിര് വിട്ടൊഴിയുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യത്തില്‍ വിറങ്ങിലക്കുമ്പോഴാണ് ജില്ലയും പതിവില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ദിവസങ്ങള്‍ ശൈത്യത്തിന്റെ പിടിയിലമരുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനവാരത്തില്‍ 13 ഡിഗ്രിക്കും താഴെ താപനില എത്തിയിരുനെങ്കിലും തുടര്‍ച്ചയായി ഇത്രയും ദിവസം നീണ്ടുനിന്നിരുന്നില്ല.

കുളിരിനൊപ്പം മൂടല്‍മഞ്ഞും പുലര്‍കാലങ്ങളില്‍ വയനാടിനെ പുണരുകയാണ്. രാവിലെ പത്തിന് ശേഷമേ മഞ്ഞുമാറി വെയില്‍ പരക്കുന്നുള്ളൂ. തണുപ്പ് ശമിക്കാന്‍ നട്ടുച്ചയാകണം. വൈകിട്ട് ആറാകുന്നതോടെ വീണ്ടും തണുപ്പാകും. വയനാടന്‍ മഞ്ഞും കുളിരും നുകരാന്‍ ധാരാളം സഞ്ചാരികളും ജില്ലയിലെത്തുന്നുണ്ട്. ചുരങ്ങളിലും മലനിരകളിലും കുന്നുകളിലും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവരെ എപ്പോഴും കാണാം.

 

Leave A Reply

Your email address will not be published.

error: Content is protected !!