മാസങ്ങളായി വില്ലേജ് ഓഫീസറില്ല ദുരിതത്തിലായി നാട്ടുകാര്‍
കുപ്പാടിത്തറ വില്ലേജ് ഓഫീസില്‍ മാസങ്ങളായി വില്ലേജ് ഓഫീസറില്ല. കഴിഞ്ഞ ഓഗസ്റ്റ് 19-നാണ് ജോലിയിലുണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ സ്ഥലം മാറിപ്പോയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാത്തതില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാര്‍.
പുതിയ വില്ലേജ് ഓഫീസര്‍ എത്തുന്നതുവരെ കോട്ടത്തറ വില്ലേജ് ഓഫീസര്‍ക്ക് അധികചുമതല നല്‍കിയിട്ടുണ്ട്. എന്നാല്‍ കുപ്പാടിത്തറ വില്ലേജ് ഓഫീസിലെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
സിഎംഡി ആര്‍എഫ്, മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിനായുള്ള പേപ്പറുകള്‍ എല്ലാംതന്നെ കിട്ടാതെ ഓഫീസില്‍ എത്തുന്നവര്‍ തിരികെ പോവേണ്ട അവസ്ഥയാണ്. ജില്ലാ കളക്ടറെയും ബന്ധപ്പെട്ട അധികാരികളെയും സാഹചര്യം അറിയിച്ചെങ്കിലും ഇതുവരെ നിയമനം നടന്നിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍, കര്‍ഷകസംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേ ധങ്ങളും സമരങ്ങളും നടത്തിയിരുന്നു. പ്രശ്‌നം എത്രയുംവേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള പല സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനായി വില്ലേജ് ഓഫീസ് കയറി ഇറങ്ങി മടുത്തെന്നും വില്ലേജ് ഓഫീസറെ അടിയന്തരമായി നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.