ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2023 മാര്‍ച്ച് 31 വരെ അവസരം ലഭിക്കും. രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട എല്ലാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

എംഎല്‍.എ. ഫണ്ട് അനുവദിച്ചു

ഒ.ആര്‍.കേളു എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളായ മേലെ വരയാല്‍ മുതല്‍ താരാബായി വരെയും ഇരുമ്പുപാലം മുതല്‍ കാപ്പിക്കണ്ടി വരെയും അരണപ്പാറ റേഷന്‍കട മുതല്‍ തോല്‍പ്പെട്ടി വരെയും സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്നതിന് യഥാക്രമം 12,50,000 രൂപയും 51,00,000 രൂപയും 29,75,000 രൂപയും അനുവദിച്ചു.

ടി. സിദ്ദീഖ് എം.എല്‍.എ. യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും കല്‍പ്പറ്റ ഗവ.എല്‍.പി. സ്‌കൂളിന് ലാപ്ടോപ് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും, ബെഞ്ച്, ഡെസ്‌ക് എന്നിവയും വാങ്ങുന്നതിന് 3,97,540 രൂപ അനുവദിച്ചു.

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പൂതാടി ഗ്രാമപഞ്ചായത്തിലെ പ്ലാക്കൂട്ടം, മണല്‍വയല്‍
കുറുമകോളനികളില്‍ ദൈവപ്പുര നിര്‍മ്മാണത്തിന് എട്ട് ലക്ഷം രൂപ വീതവും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ 7,8,9 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന സീതാമൗണ്ട് പ്രദേശത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 2,50,000 രൂപയും അനുവദിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 74 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്ന് പനമരം ശിശുവികസന പദ്ധതി ആഫീസറുടെ കാര്യാലയം ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 10 ന് ഉച്ചയ്ക്ക് 2 നകം ടെണ്ടര്‍ നല്‍കണം. ഫോണ്‍: 04935 220282, 9496252032.

ധനസഹായം അപേക്ഷ ക്ഷണിച്ചു

കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2022 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ ധന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി, പിജി, പ്രൊഫഷണല്‍ ഡിഗ്രി/പ്രൊഫഷണല്‍ പിജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ജനറല്‍ നഴ്‌സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരുടെ മാതാപിതാക്കള്‍ക്ക് അപേക്ഷിക്കാം. ജനുവരി 31 നകം അപേക്ഷ സമര്‍പ്പിക്കണം. മാര്‍ക്ക്ലിസ്റ്റ്/ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, ബന്ധം തെളിയിക്കുന്ന രേഖ, എന്നിവയുടെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ഫോം മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

താല്‍ക്കാലിക നിയമനം

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, കൗണ്‍സിലര്‍, ഐടി സ്റ്റാഫ്, മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, വുമണ്‍ സെക്യൂരിറ്റി, ലീഗല്‍ കൗണ്‍സിലര്‍ എന്നീ തസ്തികകളിലാണ് നിയമനം.
വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.

ഗതാഗത നിരോധനം

നെന്മേനി ഗോവിന്ദമൂല-ബ്രഹ്‌മഗിരി റോഡില്‍ മഞ്ഞാടി ജംഗ്ഷന്‍ മുതല്‍ ഗോവിന്ദമൂല വരെ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതിയ കലുങ്ക്, ഡ്രൈനേജ് എന്നിവ നിര്‍മ്മിക്കുന്നതിനാല്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി 31 വരെ പൂര്‍ണ്ണമായി ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ബ്രഹ്‌മഗിരി പ്ലാന്റ് ഭാഗത്തേക്കുള്ള അത്യാവശ്യ വാഹനങ്ങള്‍ മലവയല്‍-മഞ്ഞാടി റോഡിലൂടെ പോകണം.

Leave A Reply

Your email address will not be published.

error: Content is protected !!