ബിവറേജിലേക്ക് കല്ലെറിഞ്ഞ കേസ്; രണ്ട് പേര്‍ പിടിയില്‍
മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി ബിവറേജ് ഔട്ട്‌ലെറ്റിന്റെ ചില്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഒഴക്കോടി സ്വദേശികളായ കോഴം തടത്തില്‍ അമല്‍ (25), പുത്തന്‍ പുരക്കല്‍ റോബിന്‍സ് (25) എന്നിവരാണ് പിടിയിലായത്. അതിക്രമിച്ച് കടന്ന് പൊതുമുതല്‍ നശിപ്പിപ്പിച്ചതിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇരുവരേയും ബത്തേരി കോടതിയില്‍ ഹാജരാക്കി.പ്രതികളെ റിമാന്‍ഡ് ചെയ്തു.
മാനന്തവാടി എസ്.ഐ മാരായ സനല്‍ കുമാര്‍, നൗഷാദ്, സി പി ഒ മാരായ സുധീഷ്, ജിനേഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പുതുവത്സര ആഘോഷങ്ങളും മറ്റും അടുത്തിരിക്കുന്ന സമയമായതിനാല്‍ ഇത്തരം അതിക്രമങ്ങളെ തടയേണ്ടതിന്റെ ഭാഗമായാണ് പോലീസ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നത്.