ബത്തേരി ടൗണിനോട് ചേര്‍ന്നുള്ള കട്ടയാട് പാടശേഖരത്തിലാണ് ഈ അവസ്ഥ.വന്യമൃഗ ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിച്ചതോടെയാണ് പാടശേഖരത്തില്‍ നെല്‍കൃഷി നാമമാത്രമായത്.നിലവില്‍ കൃഷിയിറക്കിവര്‍ക്കും വന്യമൃഗശല്യം കാരണം വിളവെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
അഞ്ച് വര്‍ഷംമുമ്പ് ഈ പാടശേഖരത്തില്‍ അംഗങ്ങളായുള്ള 25 കര്‍ഷകരും നഞ്ചയും പുഞ്ചയും കൃഷിചെയ്തുവന്നിരുന്നതാണ്.എന്നാല്‍ പന്നി,മാന്‍,കാട്ടാട്,മയില്‍ അടക്കമുളള വന്യമൃഗശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ നെല്‍കൃഷി പാടേ ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ മൂന്നര ഏക്കര്‍ നെല്‍കൃഷിമാത്രമാണ് ഇവിടെ ഇപ്പോള്‍ ചെയ്യുന്നത്. കൃഷിയിടത്തിനുചുറ്റും സ്വന്തം നിലയില്‍ സംരക്ഷണം ഒരക്കിയിട്ടും കാവലിരുന്നിട്ടും രക്ഷയില്ലെന്നും രാത്രികാലങ്ങളില്‍ മാനടക്കമുള്ള മൃഗങ്ങളെത്തി നെല്‍കൃഷി നശിപ്പിക്കുകയാണന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷിയില്‍ നിന്നും മാറിയ കര്‍ഷകര്‍ വാഴയും പച്ചക്കറികളടക്കമുളള ഇടവിളകള്‍ കൃഷി ചെയ്തെങ്കിലും അതും വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. കടംവാങ്ങിയും വായ്പയെടുത്തുമാണ് കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുന്നത്. എന്നാല്‍ ഈ തുക പോലും കൃഷിയില്‍ നിന്നും തിരികെ ലഭിക്കുന്നില്ലന്നും ഇവര്‍ പറയുന്നു. കൃഷിയോടുള്ള താല്‍പര്യം കൊണ്ടുമാത്രമാണ് ഇപ്പോഴും വിരലിലെണ്ണാവുന്ന കര്‍ഷകര്‍ നഷ്ടം സഹിച്ചും കൃഷിയുമായി മുന്നോട്ട് പോകുന്നത്.