മാനന്തവാടി ഫയര്‍ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കും: മുഖ്യമന്ത്രി
മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ സ്ഥിതി ചെയ്യുന്ന ഫയര്‍ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. മഴക്കാലത്ത് സ്ഥിരമായി ഫയര്‍സ്റ്റേഷന്‍ വെള്ളത്തില്‍ മുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു അതിനാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അഗ്നിരക്ഷാ യൂണിറ്റിന്റെ സേവനം ഏറ്റവും ആവശ്യമുള്ള മഴക്കാലത്ത് വള്ളിയൂര്‍ക്കാവിലെ യൂണിറ്റ് സ്ഥിരമായി വെള്ളത്തില്‍ മുങ്ങുന്നത് പതിവായിരുന്നു. അതില്‍ തന്നെ സുരക്ഷിതമായ സ്ഥലത്ത് ഈ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയും കെ.സി കുഞ്ഞിരാമന്‍ എം.എല്‍എയുമായ സമയത്താണ് ഫോറസ്റ്റ് ഐബിക്ക് സമീപം 24 സെന്റ് സ്ഥലം റവന്യൂ വകുപ്പില്‍ നിന്നും കെട്ടിടം നിര്‍മ്മാണത്തിനായി സൗജന്യമായി ലഭിച്ചത്. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്ഥീകരിച്ചില്ല. തുടര്‍ന്ന ഈ സര്‍ക്കാര്‍ വന്നതോടെ ഈ പദ്ധതിക്ക് ജീവന്‍ ലഭിക്കുകയായിരുന്നു. കെട്ടിടം പണിയുന്ന സ്ഥലത്തെ മരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതിയായി. 3.45 കോടി രൂപയുടെ കെട്ടിടമാണ് ഇവിടെ നിര്‍മ്മിക്കുക.
ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, ഒരു അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, നാല് ലീഡിംങ് ഫയര്‍മാന്‍, ഒരു ഡ്രൈവര്‍ മെക്കാനിക്ക്, 7 ഫയര്‍മാന്‍ ഡ്രൈവറും, 24 ഫയര്‍മാന്‍മാരുള്‍പ്പെടെ 38 ജീവനക്കാരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസമുണ്ടായ പ്രളയത്തില്‍ വള്ളിയൂര്‍ക്കാവിലെ അഗ്‌നിരക്ഷാ യൂണിറ്റിലെ ഫയലുകള്‍ നശിക്കുകയും സര്‍വ്വീസിംഗ് ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടാകുകയും ചെയ്തിരുന്നു.പ്രതിസന്ധികള്‍ക്കിടിയിലും പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച വടക്കേവയനാട്ടില്‍ 3700 ആളുകളെയും, ഒട്ടനവധി മൃഗങ്ങളേയുമാണ് ഈ യൂണിറ്റിന്റെ ഭാഗമായി രക്ഷപ്പെടുത്തിയത്. പുതിയ കെട്ടിടം പൂര്‍ത്തിയാല്‍ വള്ളിയൂര്‍ക്കാവ് അഗ്‌നി രക്ഷായൂണിറ്റിന്റെ പ്രതിസന്ധിക്ക് ശ്വാശത പരിഹാരമാകും.