ഇന്ന് ലോക ഭിന്നശേഷി ദിനം

0

ഡിസംബര്‍ 3 ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ദിനമാണ്. സാമൂഹിക ജീവിതത്തില്‍ ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സഭ ഇങ്ങനെയൊരു ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 1975-ല്‍ ഐക്യരാഷ്ട്ര സഭ ഭിന്നശേഷിക്കാരുടെ അവകാശ പ്രഖ്യാപനം നടത്തി. പിന്നീട് 1982 ഭിന്നശേഷിക്കാരുടെ വര്‍ഷമായി ആഘോഷിച്ചു. തുടര്‍ന്ന് 1983-92 വരെയുള്ള കാലഘട്ടം ഭിന്നശേഷിക്കാരുടെ ദശകമായും ആചരിച്ചു. ഇതിന്റെ അവസാനം 1992-ലാണ് എല്ലാവര്‍ഷവും ഡിസംബര്‍ 3 ഭിന്നശേഷി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.ഭിന്നശേഷിയുള്ളവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍ പങ്കാളിത്തം ഉറപ്പാക്കുക വഴി സമഗ്ര വികസനം സാധ്യമാക്കുക എന്ന സമീപനമാണ് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്നത്. ഇതിനായി ഐക്യരാഷ്ട്ര സഭ മുന്‍കൈ എടുക്കുകയും, ദേശീയ തലത്തില്‍ നിയമനിര്‍മ്മാണം, നയ സമീപനം എന്നിവയില്‍ മാറ്റം കൊണ്ടുവരാന്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. യുഎന്നിന്റെ ഭാഗമായ ലോകാരോഗ്യ സംഘടനയും ഭിന്നശേഷി ദിനാഘോഷങ്ങളുടെ ഏകോപനത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ ദിനാഘോഷം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ വര്‍ഷവും ലോകത്തെ ഓര്‍മ്മിപ്പെടുത്തുക കൂടിയാണ്.

ഭിന്നശേഷിയെ അതിജീവിച്ച മാതൃകാ വ്യക്തിത്വങ്ങള്‍

ഭിന്നശേഷി ജീവിത വിജയത്തിന്, ഇഷ്ടമുള്ളത് ചെയ്യാന്‍ തടസ്സമല്ലെന്ന സന്ദേശം നല്‍കി ലോകപ്രശസ്തരായ നിരവധി പേര്‍ മുന്‍പേ നടന്നിട്ടുണ്ട്. ജര്‍മനിയില്‍ ജനിച്ച ലോകപ്രശസ്ത പിയാനോ സംഗീതജ്ഞന്‍ ബീഥോവന് കേള്‍വിക്കുറവുണ്ടായിരുന്നു. അമേരിക്കന്‍ എഴുത്തുകാരി ഹെലന്‍ കെല്ലര്‍ കാഴ്ചാ വെല്ലുവിളി നേരിടുന്നയാളായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ്, സ്റ്റീവ് ജോബ്‌സ്, ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് തുടങ്ങിയവരും പ്രതിസന്ധികളെ അതിജീവിച്ച മഹത് വ്യക്തകളാണ്. ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ ശാരീരിക പ്രശ്‌നങ്ങളെ അതിജീവിച്ച് ലോകത്തിലെ മികച്ച പര്‍വതാരോഹകരില്‍ ഒരാളായി. എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ നിരവധി കൊടുമുടികള്‍ അവര്‍ കീഴടക്കി. 2014-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാള്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിനെ 2012 ല്‍ ട്വന്റ്റി ട്വന്റ്റി മത്സരത്തില്‍ വിജയത്തിലേക്ക് നയിച്ച ശേഖര്‍ നായിക് തുടങ്ങിയവരും പ്രതിസന്ധികളില്‍ തളരാതെ പോരാടിയവരാണ്.
ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അത് സാധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമുള്ള പ്രചോദനം നല്‍കുക കൂടിയാണ് ഐക്യരാഷ്ട്ര സഭ ഈ ദിനാഘോഷത്തിലൂടെ ചെയ്യുന്നത്. എല്ലാവരെയും ചേര്‍ത്തുപിടിച്ച് ഒരുമിച്ച് വികസിക്കാന്‍ സമൂഹത്തെ പാകപ്പെടുത്തുക എന്ന വലിയ കടമ്പയും മുന്നിലുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!