മേപ്പാടിയില്‍ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു 2953 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

0

മേപ്പാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പാരിഷ് ഹാളില്‍ നാല് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2953 പേര്‍ക്ക് രേഖകള്‍ നല്‍കി.സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി പദ്ധതി അവലോകനം ചെയ്തു.

1534 ആധാര്‍ കാര്‍ഡുകള്‍, 434 റേഷന്‍ കാര്‍ഡുകള്‍, 1522 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 335 ബാങ്ക് അക്കൗണ്ടുകള്‍, 64 ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍, 987 ഡിജിലോക്കര്‍ എന്നിവയ്ക്ക് പുറമെ 1994 മറ്റ് രേഖകള്‍ ഉള്‍പ്പെടെ 6870 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി.

ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, മേപ്പാടി ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത് തുടങ്ങിയ രേഖകളാണ് ക്യാമ്പിലെ സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കിയത്. അക്ഷയയുടെ 30 കൗണ്ടറുകള്‍ ഇതിനായി ഒരുക്കിയിരുന്നു.

സമാപന സമ്മേളന ചടങ്ങില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. അബ്ദുള്‍ അസീസ്, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുഹമ്മദ് റാഫി, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, വൈത്തിരി തഹസില്‍ദാര്‍ എം.കെ ശിവദാസന്‍, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, ഡി.ഡി.പി സീനിയര്‍ സൂപ്രണ്ട് ശ്രീജിത്ത്, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം, പള്ളി വികാരി ഫാദര്‍ ഡാനിയേല്‍, മെമ്പര്‍മാരായ എം.എം ജിതിന്‍, രാധ രാമസ്വാമി, ബി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!