കോവിഡാനന്തര ടൂറിസത്തില്‍ ജില്ലക്ക് മുന്തിയ പരിഗണന- മന്ത്രി മുഹമ്മദ്റിയാസ്

0

വളളിയൂര്‍ക്കാവ് പൈതൃക പ്രദര്‍ശന വിപണന കേന്ദ്രം നാടിന് സമര്‍പ്പിച്ചുവയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസയായി മാറിയെന്നും കോവിഡാനന്തര ടൂറിസത്തില്‍ ജില്ലക്ക് മുന്തിയ പരിഗണനയാണ് ലഭിക്കുന്നതെന്നും ടൂറിസം- പൊതുമരാമത്ത്- യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വളളിയൂര്‍ക്കാവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വളളിയൂര്‍ക്കാവ് പൈതൃക പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളിയൂര്‍ക്കാവിന്റെ പൈതൃകത്തെ വരും തലമുറക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. മലബാര്‍ ടൂറിസത്തെ നയിക്കുന്ന വയനാട് ജില്ലക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണിത്. ജൈന്‍ സര്‍ക്യൂട്ടുകള്‍ പോലുള്ള പൈതൃക സര്‍ക്യൂട്ടുകള്‍ വയനാട് ടൂറിസത്തിന് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനായിരുന്നു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു.വള്ളിയൂര്‍ക്കാവ് ഡവലപ്പ്‌മെന്റ് ഓഫ് മാര്‍ക്കറ്റ് & എക്‌സിബിഷന്‍ സ്‌പേസ് പദ്ധതിയുടെ ഭാഗമായാണ് വിപണന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 4 കോടി 87 ലക്ഷം മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. വള്ളിയൂര്‍ക്കാവിന്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിന്റെ ഭാഗമായി സ്ഥിരമായ ചന്തകള്‍ക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പരമ്പരാഗത ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനത്തിനായി ഒരുക്കിയിട്ടുള്ള സംരംഭം വളളിയൂര്‍ക്കാവിനും വയനാടിന്റെ ടൂറിസം മേഖലക്കും പ്രചോദനമാകും.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സേണ്‍ സി.കെ രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ, ഡിവിഷന്‍ കൗണ്‍സിലര്‍ കെ.സി സുനില്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാമചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.പി മനോജ്, ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ എന്‍.കെ ബൈജു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ.ജി അജേഷ്, ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി ടി.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!