നീര്‍വാരം കല്ലുവയല്‍ ആലുവക്കടവ് റോഡരികിലെ കാപ്പിതോട്ടത്തിലാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത്.പ്രഭാത സവാരിക്ക് പോയവര്‍ തൊട്ടടുത്ത കാപ്പിതോട്ടത്തില്‍ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാല്‍പ്പാടുകള്‍ കണ്ടത്.തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി കടുവയെന്ന് സ്ഥിരീകരിച്ചു.ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രാപകലെന്യേ കാട്ടാനയും,കാട്ടുപന്നിയും,കുരങ്ങും ദുരിതം വിതക്കുന്നതിന് പുറമേയാണ് നീര്‍വാരം കല്ലുവയല്‍ പ്രദേശത്ത് കടുവയുടെ സാന്നിധ്യം കൂടി സ്ഥിതികരിച്ചത്. കടുവ സാന്നിധ്യം കൂടി സ്ഥിതികരിച്ചതോടെ നിര്‍വാരം മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്.തികച്ചും ഗ്രാമീണ കാര്‍ഷിക മേഖലയായ നീര്‍വാരം കല്ലുവയലിലെ കടുവ ഭീതി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ വനം വകുപ്പ് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.