കൊവിഡ് വാക്സിന്‍ ലഭിക്കാനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫോണിലൂടെയും ഇ-മെയില്‍ മുഖേനയും വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി പൊലീസ്. പേര് രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൂര്‍ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകള്‍ നല്‍കി പൊതുജനങ്ങളെ കബളിപ്പിക്കുകയും ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചു തട്ടിപ്പു നടത്തുകയുമാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ വെബ്സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കുക. വ്യാജ ഇ മെയില്‍ സന്ദേശങ്ങളും ഫോണ്‍സന്ദേശങ്ങളും അവഗണിക്കുക. നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കുക. ഇത്തരത്തില്‍ തട്ടിപ്പുകളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും പൊലീസ് അറിയിച്ചു.