സംരക്ഷണ പാതയില്‍ കൊറ്റില്ലം;നിരീക്ഷണ ഗോപുരം ഒരുങ്ങുന്നു

0

വയനാട്ടിലെ വിനോദസഞ്ചാരികളുടെയും പക്ഷി നിരീക്ഷകരുടെയും പ്രധാന ആകര്‍ഷണ കേന്ദ്രമായ പനമരത്തെ കൊറ്റില്ലത്തെ സംരക്ഷിക്കാനും കൊറ്റില്ലത്തിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി പദ്ധതി ഒരുങ്ങുന്നു.സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും പനമരം പഞ്ചായത്ത് ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. കൊറ്റില്ലത്തെ സംരക്ഷണത്തിന്റെ ഭാഗമായി പ്രദേശത്ത് വാച്ച് ടവര്‍ നിര്‍മ്മിക്കും. ഉദ്ദേശം 20 അടിയോളം വരുന്ന വാച്ച് ടവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലം പഞ്ചായത്ത് ബിഎംസി അംഗങ്ങള്‍ സന്ദര്‍ശിച്ചു. വാച്ച് ടവറില്‍ നിന്നും പ്രദേശത്ത് വരുന്ന പക്ഷികളെ വീക്ഷിക്കുവാന്‍ ബൈനോക്കുലര്‍ സംവിധാനവും സ്ഥാപിക്കും. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് 3 ലക്ഷവും പനമരം പഞ്ചായത്ത് ബി.എം.സി ഒരു ലക്ഷം രൂപയും പദ്ധതിയ്ക്കായി ചെലവിടും.

അരിവാള്‍ കൊക്കുകള്‍ പോലെയുള്ള അപൂര്‍വയിനം ദേശാടന പക്ഷികളുടെ കേന്ദ്രം കൂടിയാണ് പനമരത്തെ കൊറ്റില്ലം. കൊറ്റില്ലത്തിന്റെ ആവാസവ്യവസ്ഥക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും വാച്ച് ടവര്‍ നിര്‍മ്മിക്കുക. രണ്ട് മാസത്തിനുള്ളില്‍ നിരീക്ഷണ ഗോപുരത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കൊറ്റില്ലത്തെ സംരക്ഷിക്കുന്നതോടൊപ്പം കൊറ്റില്ലത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താനും പദ്ധതിയിലൂടെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പനമരം പഞ്ചായത്ത് ബി.എം.സിയും ലക്ഷ്യം വെക്കുന്നു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി കൊറ്റില്ലത്തെ മാറ്റാനും ജില്ലയിലെത്തുന്ന പക്ഷി നിരീക്ഷകര്‍ക്കും നിരീക്ഷണ ഗോപുരം സഹായകമാകുമെന്ന പ്രതീക്ഷയിലുമാണ് അധികൃതര്‍.

Leave A Reply

Your email address will not be published.

error: Content is protected !!