വന്യജീവി സങ്കേതത്തില്‍ നിന്നും മുറിച്ചുകടത്തിയ 35 കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍ 

0

വയനാട് വന്യജീവി സങ്കേതം ബത്തേരി റെയിഞ്ചില്‍ പെടുന്ന നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ വനത്തില്‍ നിന്നും ചന്ദനം മുറിച്ചു കടത്തിയ പ്രതികള്‍ പിടിയില്‍. മുത്തങ്ങ കുഴിമൂല കോളനിയിലെ വിനോദ് (22), പൊന്‍കുഴി കോളനിയിലെ പി എം രാജു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 35 കിലോ ചന്ദനം പിടിച്ചെടുത്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കല്ലുമുക്ക് വനഭാഗത്ത് നിന്നും 2 ചന്ദന മരങ്ങള്‍ മോഷണം പോയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. മുറിച്ചെടുത്ത ചന്ദന മരങ്ങളുടെ ശിഖരങ്ങള്‍ സമീപത്തെ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ചന്ദന മരങ്ങള്‍ മോഷണം പോയത് അറിഞ്ഞത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിച്ചെടുത്ത മരങ്ങള്‍ കഷ്ണങ്ങളാക്കി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടക അതിര്‍ത്തി വനത്തില്‍ വെച്ചാണ് ചൊവ്വാഴ്ച്ച വനം വകുപ്പ് ഇരുവരെയും പിടികൂടിയത്.പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ പി.ബി ഗോപാല കൃഷ്ണന്‍, എസ്.എഫ്.ഒമാരായ ഒ.എ ബാബു, കെ പ്രകാശ്, കുഞ്ഞുമോന്‍, ജി ബാബു, വി രാഘവന്‍, പി.വി സുന്ദരേഷന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഉല്ലാസ്, ഫര്‍ഷാദ്, ജിബിത്ത് ചന്ദ്രന്‍, വാച്ചര്‍മാരായ രാമചന്ദ്രന്‍, ശിവന്‍, ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെയും ചന്ദനവും പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!