കബനിക്കായി വയനാട്; കോട്ടത്തറയില്‍ ജനകീയതോട് സഭ സംഘടിപ്പിച്ചു

0

 

നവകേരളം കര്‍മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ കോട്ടത്തറ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജനകീയ തോട് സഭ ശ്രദ്ധേയമായി. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ മാപ്പിംഗ്, കബനിക്കായ് വയനാട്, നീരുറവ് പദ്ധതികളുടെ ഭാഗമായാണ് ജനകീയ തോട് സഭ സംഘടിപ്പിച്ചത്. മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. റനീഷ് ഉദ്ഘാടനം ചെയ്തു. മാപ്പത്തോണ്‍ ചെയ്യുന്ന രീതികളെക്കുറിച്ച് നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാര്‍ വിശദീകരിച്ചു.

ഊട്ടുപാറ -വണ്ടിയാംമ്പറ്റ തോടാണ് പഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ മാപ്പ് ചെയ്തത്. വിവിധ ഘട്ടങ്ങളിലായി നടത്തിയ ശില്പ ശാലകള്‍ക്കും യോഗങ്ങള്‍ക്കും ശേഷമാണ് മാപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് മാപ്പത്തോണ്‍ നടത്തുന്നത്. ഐ.ടി മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന മാപ്പത്തോണ്‍ പ്രക്രിയയില്‍ ഉപഗ്രഹ ചിത്രങ്ങളുടെയും നേരിട്ടുള്ള സന്ദര്‍ശ നത്തിലൂടെയും നീര്‍ച്ചാല്‍ ശൃംഖല പൂര്‍ണമായി കണ്ടെത്തി മാപ്പ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ദേശീയ തൊഴിലുറപ്പ് ജെ.പി.സി പ്രീതി മേനോന്‍, തൊഴിലുറപ്പ് ജില്ലാ എഞ്ചിനീയര്‍ ജെ.അമല്‍ദേവ്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, മെമ്പര്‍മാരായ ഹണി ജോസ് , സുരേഷ് മാസ്റ്റര്‍, തൊഴിലുറപ്പ് അക്രിഡറ്റഡ് എഞ്ചിനീയര്‍ പി.എ സലിം, തുടങ്ങിയവര്‍ സംസാരിച്ചു. നവകേരളം കര്‍മ പദ്ധതി സ്റ്റേറ്റ് മിഷന്‍ പ്രതിനിധികള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഓവര്‍സിയര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രതിനിധികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!