ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും
ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും. ഇന്ത്യന്‍ വംശജന്‍ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.
പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിഞ്ഞതോടെ ചരിത്രനിമിഷമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടണിലുണ്ടായത്. ഈ വര്‍ഷമാദ്യം നടന്ന നേതൃമത്സരത്തില്‍ വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ ബ്രിട്ടനിലെ മുന്‍ ധനമന്ത്രിയും പുതിയ പ്രധാനമന്ത്രിയുമാകുന്ന ഋഷി സുനക് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു.എന്നാല്‍ അന്തിമ തീരുമാനമെടുത്ത 170,000 പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഒരു വെളുത്ത വര്‍ഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇപ്പോള്‍ 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയിരിക്കുകയാണ്.