ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. വിവിധ രീതിയിലാണ് ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകള്‍ക്ക് സന്ദേശം അയച്ച് പണം തട്ടുന്ന രീതിയാണ് ഇതില്‍ ഒന്ന്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓണ്‍ലൈന്‍ വഴി പണം അയയ്ക്കല്‍, ഗിഫ്റ്റ് കൂപ്പണ്‍ പര്‍ചേസ് ചെയ്ത് അയച്ചുകൊടുക്കല്‍ തുടങ്ങിയ രീതികളിലാണ് പണം ആവശ്യപ്പെടുന്നത്. ഇതിനുള്ള പോംവഴി സാമൂഹിക മാധ്യമത്തിലെ അക്കൗണ്ടുകള്‍ ‘പ്രൈവറ്റ്’ ആയി സൂക്ഷിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസിപി ടി ശ്യാംലാല്‍ പറയുന്നു.
ഇതുപോലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ നാഷനല്‍ സൈബര്‍ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ 1930 എന്ന നമ്പരില്‍ വിളിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാം. ഒരു കാരണവശാലും ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളില്‍ വീഴരുത്. ഉന്നതരുമായി ബന്ധപ്പെട്ടാണ് ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഉന്നതരായിട്ടുള്ള ആളുകളുടെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. അടുപ്പമുള്ളവര്‍ക്ക് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്