ഉത്രം കോലം ഉത്സവത്തിന് തുടക്കമായി
മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ഉത്രം കോലം ഉത്സവത്തിന് തുടക്കമായി എടവക പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുത്തു വിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളിച്ച് കൊണ്ടുവന്ന ദേവിയുടെ തിരുവായുധം ക്ഷേത്രത്തില്‍ എത്തിച്ചതോടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്രം കോലം ഉത്സവത്തിന് തുടക്കമായി. തിരുവാഭരണം എഴുന്നെള്ളിപ്പിന് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, കെ മുരളീധരന്‍, ഒ.എസ് ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വള്ളിയൂര്‍ക്കാവില്‍ വിശേഷ പൂജകള്‍, തോറ്റം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച അന്നപൂര്‍ണേശ്വരി ഹാളില്‍ നടക്കുന്ന ഉത്രം കോലം സദ്യയ്ക്കും, തുടര്‍ന്ന് രാത്രി നടക്കുന്ന എഴുന്നെള്ളത്തിനും, കോലം കൊറയ്ക്കും ശേഷം തിരുവായുധം തിരിച്ച് പള്ളിയറ ക്ഷേത്രത്തില്‍ എത്തിക്കുന്നതോടു കൂടി ഈ വര്‍ഷത്തെ ഉത്രം കോലം ഉത്സവം സമാപിക്കുന്നതാണ്.