പുതിയ കോപ്പിപോഡ് സ്പീഷീസിനെ കണ്ടെത്തി

0

 

അന്റമാന്‍-നിക്കോബാര്‍ ദ്വീപ സമൂഹങ്ങളിലുള്‍പ്പെടുന്ന ഗ്രേറ്റ് നിക്കോബാര്‍ തീരത്ത് നിന്ന് പുതിയ കോപ്പിപോഡ് സ്പീഷീസിനെ കണ്ടെത്തി.ടോര്‍ടാനസ് ധൃതിയെ എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രഥമ വനിതാഡയറക്ടര്‍ ഡോ. ധൃതി ബാനര്‍ജിയോടുള്ള ആദരസൂചകമാണ് പേരിട്ടത്.
മാനന്തവാടി മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫസര്‍ ഡോ. സനു വി. ഫ്രാന്‍സിസ്, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ പ്രോട്ടോസുവോളജി വിഭാഗം മേധാവിയും ശാസ്ത്രജ്ഞയുമായ ഡോ. ജാസ്മിന്‍ പുരുഷോത്തമന്‍ എന്നിവരാണ് പുതിയ ജീവിയെ കണ്ടെത്തിയത്.

കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഡീന്‍ പ്രൊഫ. ബിജോയ്‌നന്ദനും ഗവേഷണത്തില്‍ പങ്കെടുത്തിട്ടുണ്ട്
സമുദ്ര ആവാസവ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സൂക്ഷ്മജീവിവിഭാഗമാണ് കോപ്പിപോഡുകള്‍. സമുദ്രത്തിലെ ആഹാരശൃംഖലയില്‍ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്തും സമുദ്രത്തിലെ ജീവിവിഭാഗങ്ങളും നിലനില്‍ക്കുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.കോപ്പിപോഡുകളിലെ ടോര്‍ടാനസ് എന്ന ജനുസ്സിലും അറ്റോര്‍ട്ടസ് എന്ന ഉപജനുസ്സിലും ഉള്‍പ്പെട്ട ഈ ജീവി പ്രധാനമായും പസഫിക് സമുദ്രത്തിലെ പവിഴദ്വീപുകളിലാണ് കണ്ടുവന്നിരുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ ഇനത്തില്‍പ്പെട്ട ഏഴു ജീവികളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. അതിലൊന്നായ ടോര്‍ടാനസ് മിനിക്കോയെന്‍സിസ് ഡോ. സനു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍നിന്ന് മുമ്പ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷമായി അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ ഡോ. സനുവും പ്രൊഫ. ബിജോയ് നന്ദനും നടത്തിയ പര്യവേക്ഷണങ്ങളുടെ ഭാഗമായി പുതിയ സ്പീഷീസുകളെ കണ്ടെത്തിയിരുന്നു.
കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. നോപ്ലിയസ് എന്ന അന്താരാഷ്ട്ര ടാക്‌സോണമി ജേണലില്‍ പുതിയ സ്പീഷീസിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!