നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു പന്നിഫാമില്‍ കൂടി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്‍മേനിയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളില്‍ രണ്ടെണ്ണത്തിനാണ് രോഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഇന്‍ അനിമല്‍ ഡിസീസസ് എന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച പലിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് അയച്ച നാല് സാമ്പിളുകളും വയനാട് ജില്ലയിലെ രണ്ട് സാമ്പിളുകളും ആണ് പോസിറ്റീവ് ആയിട്ടുള്ളത്. നിലവില്‍ രോഗ ബാധയുള്ള ഫാമില്‍ 210 ഓളം പന്നികള്‍ ഉണ്ടെന്നാണ് പ്രാഥമികമായ കണക്ക്. ഒരു കിലോമീറ്റര്‍ പരിധിയില്‍10 പന്നികളില്‍ താഴെയുള്ള രണ്ട് ഫാമുകള്‍ ആണ് നിലവിലുള്ളത്. ദേശീയ രോഗനിവാരണ പ്രോട്ടോകോള്‍ പ്രകാരം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഫാമിന്റെ ഒരു കിലോമീറ്റര്‍ ആകാശ പരിധിയിലുള്ള പന്നികളെ മുഴുവന്‍ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നാളെ (02/08/22) ഉച്ചയ്ക്ക് 12 മണിയോടെ ദൗത്യം ആരംഭിക്കും.
ആര്‍. ആര്‍. ടി രൂപീകരണവും ദൗത്യ നിര്‍വഹണം സംബന്ധിച്ച പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം സുല്‍ത്താന്‍ബത്തേരി പ്രാദേശിക മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് നടന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജേഷ്.വി.ആര്‍ ആക്ഷന്‍ പ്ലാന്‍ വിശദീകരിച്ചു. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ജയരാജ്. കെ മാനന്തവാടി താലൂക്കില്‍ നടത്തിയ കേരളത്തിലെ തന്നെ ആദ്യത്തെ ആഫ്രിക്കന്‍ പന്നിപ്പനി ഉന്മൂല പരിപാടിയു മായി ബന്ധപ്പെട്ട നടപടികള്‍ വിവരിച്ചു. സുല്‍ത്താന്‍ബത്തേരി വെറ്റിനറി പോളി ക്ലിനിക്കിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. സജി ജോസഫിനായിരിക്കും നെന്‍മേനി പഞ്ചായത്തിലെ പന്നിപ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.
നൂല്‍പ്പുഴ വെറ്റിനറി സര്‍ജന്‍ ഡോ. കെ. അസൈനാര്‍, അമ്പലവയല്‍ വെറ്റിനറി സര്‍ജന്‍ ഡോ.വിഷ്ണു സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും ദയാവധം ആരംഭിക്കുക. 10 കിലോമീറ്റര്‍ ചുറ്റളവിലെ നിരീക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നെന്‍മേനി വെറ്റിനറി സര്‍ജന്‍ ഡോ. സിമിതാ ജോണിന്റെ നേതൃത്വത്തില്‍ നടക്കും. നെന്‍മേനി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് നടന്ന കര്‍ഷക പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു