ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയില്‍ പരിശോധനയും വാക്സിനേഷനും കൂട്ടി രോഗവ്യാപനം നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.
ജില്ലയിലെ പ്രധാനപ്പെട്ട തോട്ടം മേഖലകളായ ബൈസന്റ് വാലി, രാജാക്കാട്, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നീ മേഖലകളില്‍ 30ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നാര്‍, ചക്കുപള്ളം, പള്ളിവാസല്‍ തുടങ്ങിയ മേഖലകളിലും രോഗവ്യാപനം ഉയര്‍ന്നാണ്. തൊഴിലാളികളുടെ ഒറ്റമുറി ലയങ്ങളിലെ താമസം തന്നെയാണ് ഇതിന് കാരണം. അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ ഓരോ മുറിയിലം കഴിയേണ്ടിവരുന്ന സ്ഥിതിയാണ്. ഒരാള്‍ക്ക് രോഗം വന്നാല്‍ എല്ലാവര്‍ക്കും പകരുന്ന അവസ്ഥയാണ്. രോഗികളുള്ള വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നതും അവസ്ഥ ഗുരുതരമാക്കുന്നു. പരിശോധനയ്ക്ക് വിധേയമാകാനുള്ള ആളുകളുടെ മടിയും ടെസ്റ്റ് കിറ്റിന്റെ കുറവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.