റോഡില്‍ വെള്ളക്കെട്ട് പ്രതിഷേധിച്ച് ആം ആദ്മി

0

കമ്പളക്കാട് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കുന്നു.വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പ്രധാനമായും കാല്‍നടയാത്രയ്ക്കായി ആണ് ഈ പാത ഉപയോഗിക്കുന്നത്. ഒരു മഴവന്നാല്‍ പോലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതുമൂലം പ്രദേശവാസികള്‍ക്ക് ഈ വെള്ളക്കെട്ടില്‍ ഇറങ്ങി അല്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മഴക്കാല രോഗങ്ങള്‍ പെരുകുന്ന ഈ സാഹചര്യത്തില്‍ മലിനജലത്തില്‍ക്കൂടിയുള്ള സഞ്ചാരം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് പഞ്ചായത്ത് റോഡിന്റെ അറ്റകുറ്റ പണി തീര്‍ത്ത് പാത സഞ്ചാരയോഗ്യമാക്കിയത് അന്ന് തന്നെ റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുവാനുള്ള സാഹചര്യമുണ്ടെന്നും പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കരാറുകാരനും പഞ്ചായത്ത് അധികൃതരും വേണ്ട പരിഗണന നല്‍കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.റോഡിനിരുവശവും ട്രെയിനേജ് സംവിധാനം നിര്‍മ്മിക്കാത്തതാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്. കൂടാതെ കമ്പളക്കാട് ടൗണില്‍ പൊതു ശൗചാലയമില്ലാത്തതു കൊണ്ട് ടൗണിലെത്തുന്നവരും ചെറുകിട വ്യാപാരികളും മൂത്രമൊഴിക്കുന്നതും മറ്റും ഈ വെള്ളകെട്ടിനോട് ചേര്‍ന്ന് തന്നെയാണ്. മഴക്കാലമായാല്‍ ഈ മാലിന്യങ്ങള്‍ വെളളകെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഈ വിഷയത്തില്‍ അടിയന്തരമായി പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. അതുകൊണ്ട് എത്രയും പെട്ടന്ന് ഈ പ്രശ്‌നം പരിഹരിക്കണമെന്നും കമ്പളക്കാട് ടൗണില്‍ ഉടന്‍ തന്നെ ഒരു പൊതു ശൗചാലയം നിര്‍മ്മിക്കണമെന്നും എ.എ.പി കമ്പളക്കാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യ വകുപ്പിനും നിവേദനം നല്‍കുകയും പ്രതിഷേധപരിപാടി സംഘടിപ്പിക്കുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ പൊതുജനങ്ങളെ അണിനിരത്തി കൂടുതല്‍ സമര പരുപാടികളുമായി മുന്‍പോട്ട് പോകാനാണ് കമ്മറ്റിയുടെ തീരുമാനം.ആം ആദ്മി പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി റഫീക് കമ്പളക്കാട് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ ഷൈജല്‍, ട്രഷറര്‍ ഇസ്മായില്‍, തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!