വെര്‍ട്ടിക്കല്‍ ഫാമിങ് നൂതന പദ്ധതിയുമായി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്

0

വെര്‍ട്ടിക്കല്‍ ഫാമിങ്ങിലൂടെ പച്ചക്കറി കൃഷി വിപുലമാക്കാന്‍ ഒരുങ്ങി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന വെര്‍ട്ടിക്കല്‍ ഫാമിങ് വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതി പഞ്ചായത്തില്‍ ആരംഭിച്ചു.പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷയായിരുന്നു.കേരള സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി സംയോജിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ കൃഷി വ്യാപന പദ്ധതി പുല്‍പ്പള്ളി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.പദ്ധതിയുടെ ഭാഗമായി 140 ഗുണഭോക്താക്കള്‍ക്ക് 2 വലക്കൂടുകളും തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളും വിതരണം ചെയ്തു.ഇരുമ്പ് വലക്കൂട് ഒന്നിന് 75 ശതമാനം സബ്സിഡിയോടെ 200 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. പച്ചക്കറി തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, വന്യമൃഗശല്യം ഇവമൂലം കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍ നിന്നും മറ്റ് മേഖലകളിലേക്ക് തിരിയുന്നത് തടയാനാണ് നൂതന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ഈ കൃഷി രീതിയിലൂടെ വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കും. വലക്കൂട് കൃഷിയിലൂടെ പ്രശസ്തനായ പുല്‍പള്ളി പഞ്ചായത്തിലെ കര്‍ഷകനായ വര്‍ഗീസ് ചെറുതോട്ടിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി മുല്ലക്കല്‍, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ്, കാര്‍ഷിക വികസനസമിതി അംഗം ബെന്നി കുറുമ്പാലക്കാട്ട്, അഞ്ചാം വാര്‍ഡ് മെമ്പര്‍ ഉഷ ടീച്ചര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.ഡി എല്‍ദോസ്, മോഹനന്‍ പുത്തന്‍കണ്ടത്തില്‍, വര്‍ഗീസ് ചെറുതോട്ടില്‍, കൃഷി ഓഫീസര്‍ അനു ജോര്‍ജ്, കൃഷി അസിസ്റ്റന്റുമാരായ എന്‍. സുനിത, കത്രീന ജോണ്‍, പ്രീത സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!