വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍

0

വിഎസിന്റെ ഒരു നൂറ്റാണ്ട് കണ്ട ജീവിതം. അടിമുടി പോരാളിയായ മനുഷ്യന്‍. മലയാളി മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകന്‍. ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍.

വി എസ് ഒരു പേരല്ല. ആശയമാണ്. അവസാനിക്കാത്ത പോരാട്ടം എന്ന ആശയം. നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം. ആധുനിക കേരളീയ ജീവിതത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാര്‍ട്ടിയിലും അച്യുതാനന്ദന്‍ എന്ന മനുഷ്യനിലും ഒതുങ്ങുന്നതല്ല. അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ചരിത്രം വി എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ ഇങ്ങനെയാവും അടയാളപ്പെടുത്തുക. പാര്‍ട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും വി എസ് പ്രതിപക്ഷ നേതാവായിരുന്നു. ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം ജനങ്ങളുടെ ശബ്ദമായിരുന്നു. പ്രകൃതി സംരക്ഷണമാണ് വികസനത്തിന്റെ ആദ്യ പാഠമെന്ന് ഉറക്കെ ആവര്‍ത്തിച്ച് കലഹിച്ച് ബോധ്യപ്പെടുത്തിയ കമ്മ്യൂണിസ്റ്റ്. പാടം നികത്തലായാലും സോഫ്റ്റ്‌വെയര്‍ കുത്തക ആയാലും അധ്വാന വര്‍ഗ നിലപാട് കാലത്തിന് മുമ്പേ തിരിച്ചറിഞ്ഞ് കലാപക്കൊടി നാട്ടിയ മാര്‍ക്‌സിസ്റ്റ് ബോധ്യം. പിണങ്ങി പിരിയലല്ല, ഉളളില്‍ നിന്നുളള തിരുത്തലാണ് പ്രായോഗികത എന്ന് തെളിയിച്ച വിപ്‌ളവകാരി.

തോല്‍വികള്‍ തളര്‍ത്താത്ത പോരാളി. തുടര്‍ തോല്‍വികളുടെ, കൊടിയ നിരാശയുടെ ഇരുളില്‍ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകള്‍ സ്വയം തളളി തുറന്ന നേതാവ്. എം എന്‍ വിജയന്റെ വിശേഷണമാണ് ഏറ്റവും അനുയോജ്യം. പരാജയം ഭക്ഷിച്ചു ജീവിക്കുന്നവന്‍. പതിനേഴാം വയസില്‍ തുടങ്ങി നൂറാം വയസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി ജീവിക്കുന്ന ഒരാള്‍ക്ക് ഇതിലും വലിയൊരു വിശേഷണം ലഭിക്കാനില്ല.

ദാരിദ്രത്തിന്റെയും അനാഥത്വത്തിന്റെയും ബാല്യം മുതല്‍ ജീവിതാവസാനം വരെ നേരിട്ട തുടര്‍ തോല്‍വികളില്‍ നിന്നാണ് വി എസ് എന്ന പോരാളി രൂപപ്പെട്ടത്. അടിമുടി പോരാളിയായ മനുഷ്യന്, മലയാളികളെ ആഴത്തില്‍ സ്വാധീനിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്ന സമര നായകന്. പിറന്നാള്‍ ആശംസകള്‍

 

Leave A Reply

Your email address will not be published.

error: Content is protected !!