ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ വയനാട് ജില്ലയില്‍ 98.07 ശതമാനം വിജയം. ആകെ പരീക്ഷയെഴുതിയ 12181 വിദ്യാര്‍ഥികളില്‍ 11946 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 6272 ആണ്‍കുട്ടികളില്‍ 6122 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി.
വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വീണ്ടും കുറഞ്ഞ ജില്ല ഇത്തവണയും എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ തന്നെ. കഴിഞ്ഞ വര്‍ഷം 98.13 ശതമാനമായിരുന്നു വിജയം.
5909 പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 5824 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹരായി. 830 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. എ പ്ലസ് നേടിയവരില്‍ മുന്നില്‍ പെണ്‍കുട്ടികളാണ്. 263 ആണ്‍കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 567 പെണ്‍കുട്ടികളാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്. സര്‍ക്കാര്‍ സ്‌കൂളിലെ 240 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളിലെ 435 വിദ്യാര്‍ഥികളും അണ്‍എയ്ഡഡ് സ്‌കൂളിലെ 155 വിദ്യാര്‍ഥികളുമാണ് മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് നേടിയത്. കഴിഞ്ഞവര്‍ഷം 2566 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. 51 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി. 29 സര്‍ക്കാര്‍ സ്‌കൂളുകളും 16 എയ്ഡഡ് സ്‌കൂളുകളും ആറ് അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ് നൂറ് ശതമാനം വിജയം നേടിയത്. കഴിഞ്ഞ വര്‍ഷം 46 സ്‌കൂളുകളാണ് നൂറു മേനി വിജയം നേടിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 6987 വിദ്യാര്‍ഥികളില്‍ 6798 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. എയ്ഡഡ് സ്‌കൂളുകളില്‍ 4716 പേര്‍ പരീക്ഷയെഴുതിയതില്‍ 4670 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 478 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ട്.