മുന്‍സിഫ് കോടതിയുടെ ബെഞ്ച് സെക്ഷന്റെ സീലിങ് അടര്‍ന്നു; വന്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്
ലക്ഷങ്ങള്‍ മുടക്കി മാനന്തവാടി പി.ഡബ്ല്യു.ഡി നവീകരിച്ച മാനന്തവാടി മുന്‍സിഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ബെഞ്ച് സെക്ഷന്റെ സീലിങ് അടര്‍ന്നു വീണു. ക്രിമിനല്‍ ബെഞ്ച് സെക്ഷന്റെ സീലിങ്ങാണ് അടര്‍ന്നു വീണത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സീലിങ്ങിന്റെ മരം ഉള്‍പ്പെടെ താഴേക്ക് പതിച്ചത്. മിക്ക സമയങ്ങളിലും നാലോളം ജീവനക്കാരും കേസ് സംബന്ധമായി പോലീസ് ഓഫീസര്‍മാരും എത്തുന്ന മുറിയാണിത്. മുറിയിലുണ്ടായിരുന്നവര്‍ പുറത്ത് പോയ സമയത്താണ് സീലിങ് അടര്‍ന്നു വീണതെന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടിയില്‍ കോടതി സമുച്ചയം ഇരുപത് കോടിയുടെ കോടതി സമുച്ചയം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടും അനുബന്ധ കാര്യങ്ങള്‍ ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. ഇതിനായി റവന്യു വകുപ്പ് കോടതിക്ക് കൈമാറിയ സ്ഥലം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാതെ പഴയ കെട്ടിടത്തില്‍ നവീകരണം നടത്തി വന്‍ അഴിമതി നടത്തുകയാണെന്ന ആരോപണം മുമ്പേ ഉണ്ടായിരുന്നു. ഇതിന് ബലം നല്‍കുന്ന സംഭവമാണ് ഇന്ന് ഉണ്ടായത്.