മഴക്കാല മുന്നൊരുക്കം- വളര്‍ത്തു മൃഗങ്ങള്‍ക്കായി’ പരിശീലന പരുപാടിയ്ക്ക് മേപ്പാടിയില്‍ തുടക്കം

0

കന്നുകാലികളെയും മറ്റു വളര്‍ത്തു മൃഗങ്ങളെയും മഴക്കാലക്കെടുതികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ‘മഴക്കാല മുന്നൊരുക്കം- വളര്‍ത്തു മൃഗങ്ങള്‍ക്കായി’ എന്ന പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കം. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ജില്ലയില്‍ തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി മേപ്പാടി പഞ്ചായത്ത് ഹാളില്‍ വെച്ചു ക്ഷീര കര്‍ഷകര്‍ ,വാര്‍ഡ് മെമ്പര്‍മാര്‍ ,മൃഗ സംരക്ഷണ സന്നദ്ധ സേന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഈ പദ്ധതി ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെയും, കന്നുകാലികളെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ ദുരന്തസാധ്യതാ മുന്നറിയിപ്പുള്ള പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങളെ മഴക്കെടുതിയില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യത്തുന്നതിനായി പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിനായി വേണ്ട ക്രമീകരണങ്ങള്‍ ആരംഭിച്ചു. നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന റെസ്‌ക്യൂ സംഘടനകള്‍ക്ക് പ്രാഥമിക ശുശ്രൂഷ, മൃഗങ്ങളെ റെസ്‌ക്യൂ സമയത്ത് കൈകാര്യം ചെയ്യേണ്ടതിന്റെ രീതികള്‍ മുതലായ വിഷയങ്ങളില്‍ പരിശീലനം നല്‍കുക, വാര്‍ഡ് തലത്തില്‍ മൃഗങ്ങള്‍ക്കായുള്ള താത്കാലിക അഭയകേന്ദ്രം നിര്മിക്കുന്നതിനാവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി മാപ് ചെയ്യുക മുതലായ മുന്നൊരുക്കങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ മൊത്തം പാലുല്പാദത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലാ എന്ന നിലയില്‍ വയനാടില്‍ ഈ പദ്ധതി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത്.

മേപ്പാടിയില്‍ നടത്തിയ പരിശീലന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റംല ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരിപാടിയില്‍ അധ്യക്ഷനായിരുന്നു. ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ പ്രവീണ്‍ എസ് , ജയ്ഹരി എന്നിവര്‍ നേതൃത്വം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീറ, മൃഗഡോക്ടര്‍ ജയകൃഷണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ , തിരഞ്ഞെടുക്കപ്പെട്ട രക്ഷാപ്രവര്‍ത്തന ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കായി പൂക്കോട് വെറ്റിനറി കോളേജ് പ്രൊഫസ്സര്‍ ഡോ .രതീഷ് വളര്‍ത്തുമൃഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രഥമ ശ്രുശ്രൂഷ പരിശീലനം നടത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!