താമരശേരി ചുരത്തില്‍ പാറ അടര്‍ന്നുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത്(എന്‍.എച്ച്) കോഴിക്കോട് ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പി.കെ.ജമാല്‍ മുഹമ്മദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ മുഖേന ചീഫ് എന്‍ജിനിയര്‍ എം.അശോക് കുമാറിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സമാന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും ചുരത്തില്‍ അപകടാവസ്ഥയിലുള്ള പാറകളും മറ്റും പരിശോധിച്ച് നീക്കം ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശയെന്നാണ് വിവരം.
ചുരത്തില്‍ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്തമഴയത്തു മാത്രമാണ്. ചുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് ആണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കള്‍. മലപ്പുറം വണ്ടൂരില്‍നിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കള്‍ വയനാട് കാണാന്‍ പുറപ്പെട്ടത്. ചുരത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും പ്രതീക്ഷിച്ചിരുന്നില്ല.