ഗതാഗതക്കുരുക്കു രൂക്ഷമായ കല്‍പ്പറ്റ കൈനാട്ടി ജംഗ്ഷനിലെ നവീകരണം അവസാനഘട്ടത്തില്‍.ഗതാഗത കുരുക്കിന് പരിഹാരമായി ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം കൈനാട്ടിയിലെ ഗതാഗത നിയന്ത്രണം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറും.റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നുള്ള 1.80 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം പുരോഗമിക്കുന്നത്. ട്രാഫിക് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തിയായി കഴിഞ്ഞു. കെല്‍ട്രോണിനാണ് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നത് ചുമതല. വൈദ്യുതീകരണ ജോലികളാണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്. മീഡിയന്‍, ട്രാഫിക് ഐലന്‍ഡ് തുടങ്ങിയ സൗകര്യങ്ങളും ജംഗ്ഷനില്‍ ഉടന്‍ ഒരുക്കും.
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി ഭാഗത്തേക്കും ബത്തേരി ഭാഗത്തേക്കും ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. രാവിലെ 9 മണി മുതല്‍ 11 മണി വരെയും വൈകിട്ടു 3.30 മണി മുതല്‍ 7 മണി വരെയും ഇവിടെ ഗതാഗതം മുടങ്ങുന്നതും പതിവാണ്. ജംഗ്ഷന് സമീപത്തെ ജനറല്‍ ആശുപത്രിയിലേക്കുള്ള രോഗികളും ജീവന്‍ പണയം വെച്ചാണ് റോഡ് മുറിച്ചു കടന്നത്.ഗതാഗത നിയന്ത്രണത്തിനു ട്രാഫിക്‌സിഗ്‌നല്‍ സംവിധാനം അടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതൊടെ ഗതാഗതക്കുരുക്കഴിക്കാനാകുമെന്ന ആശ്വാസത്തിലാണ് യാത്രക്കാരുമുള്ളത്.കഴിഞ്ഞ ബജറ്റില്‍ കല്‍പ്പറ്റ നഗരസഭയുടെ ഫണ്ട് ഉപയോഗപ്പെടുത്തിക്കൊണ്ട് ചുങ്കം ജംഗ്ഷനിലും ട്രാഫിക് സിഗ്‌നല്‍ കൊണ്ടുവരുമെന്നും, ഇതോടെ കല്‍പ്പറ്റ നഗരത്തിലെ ഗതാഗതക്കുരുക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയുമെന്നും നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.