ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

*എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക് ഷോ 23 മുതല്‍ ജില്ലയില്‍*

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടകര മിറാക്കിള്‍ മാജിക് എന്റര്‍ടെയ്നേഴ്സിന്റെ മജീഷ്യന്‍ രാജീവ് മേമുണ്ടയും സംഘവും അവതരിപ്പിക്കുന്ന എച്ച്.ഐ.വി- എയ്ഡ്‌സ് ബോധവല്‍ക്കരണ മാജിക് ഷോ മാര്‍ച്ച് 23 മുതല്‍ 4 ദിവസം വയനാട് ജില്ലയില്‍ പര്യടനം നടത്തും. ബുധനാഴ്ച്ച രാവിലെ 10.30 ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കേയംതോടി മുജീബ് ബോധവല്‍ക്കരണ കലാ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ എയ്ഡ്‌സ് ടി ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍, ഡി പി എം ഡോ. സമീഹ സൈതലവി, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നാല് ദിവസം കലാജാഥ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു മാജിക് ഷോകള്‍ അവതരിപ്പിക്കും. 2025 ഓടെ പുതിയ എച്ച്.ഐ.വി ബാധ പൂര്‍ണമായും ഇല്ലാതാക്കുക, എച്ച്.ഐ.വി ബാധിധരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക, രോഗ ബാധിധരോടുള്ള വിവേചനവും അവഗണനയും ഇല്ലാതാക്കുക, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവയുടെ ബോധവല്‍ക്കരണമാണ് ഈ കലാജാഥ കൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സോസൈറ്റിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാ ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങള്‍: 23 ന് കല്‍പ്പറ്റ, വാഴവറ്റ, വരദൂര്‍, മീനങ്ങാടി, 24 ന് പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, 25 ന് ചെതലയം, ബത്തേരി, ചീരാല്‍, ചുള്ളിയോട്, 26 ന് അമ്പലവയല്‍, മുപ്പയ്നാട്, തൃക്കൈപ്പറ്റ.

*ഫാര്‍മസിസ്റ്റ് ഒഴിവ്: കൂടിക്കാഴ്ച 23 ന്*

വയനാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍സിസ്റ്റുമാരുടെ ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് 23 ന് രാവിലെ 11 ന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എന്‍ സി, സി. സി, സി. പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി. പി./ സി.സി.പി.) വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോണ്‍ 04936 205949.

*’ശ്രേഷ്ഠ’പദ്ധതി: പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം*

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം തിരഞ്ഞെടുക്കുന്ന ഉന്നത നിലവാരമുള്ള സി.ബി.എസ്.ഇ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 9,11 ക്ലാസുകളില്‍ ചേര്‍ന്ന് താമസിച്ച് പഠിക്കുന്നതിന് വയനാട് ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 12-ാം ക്ലാസ് വരെ സൗജന്യ പഠനം. നാഷ്ണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി വഴി നടത്തുന്ന ദേശീയ പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷന്‍. പരീക്ഷ മെയ് 7 ന് ഓണ്‍ലൈനായി നടക്കും. പരീക്ഷ മാധ്യമം – ഇംഗ്ലീഷും ഹിന്ദിയും. ഫലം മെയ് 20 ന് പ്രഖ്യാപിക്കും. 2021-22 അദ്ധ്യയന വര്‍ഷം ‘8 ‘ ലും’10’ ലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വേേു:െ//വെൃലവെമേ.ിമേ.ിശര.ശി/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഏപ്രില്‍ 14 നകെ അപേക്ഷിക്കണം. ഫീസില്ല. ഫോണ്‍:04936 203824

*മരം ലേലം*

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന വടുവഞ്ചാല്‍ കൊളഗപ്പാറ റോഡിലുള്ള കലയമരം മാര്‍ച്ച് 24 ന് രാവിലെ 11 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

*തെളിനീരൊഴുകും നവകേരളം- ക്യാമ്പയിന്‍ ഉദ്ഘാടനം നാളെ*

സംസ്ഥാനത്തെ ജലസ്രോതസ്സുകളെ മാലിന്യവിമുക്തമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ ക്യാമ്പയിന്റെ ജില്ലാതല പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം, ലോഗോ പ്രകാശനം, ജല സമിതിയുടെ പ്രഥമ യോഗം എന്നിവ നാളെ രാവിലെ 10.30 ന് കളക്ട്‌റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗീത തുടങ്ങിയവര്‍ പങ്കെടുക്കും.

*വനിതാ കമ്മീഷന്‍ സിറ്റിങ് നാളെ*

സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നാളെ രാവിലെ 10 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

*ക്ലീന്‍ ഗ്രീന്‍ പാപ്ലശ്ശേരി ക്യാമ്പയിന്‍*

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂതാടി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ക്ലീന്‍ ഗ്രീന്‍ പാപ്ലശ്ശേരി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പാപ്ലശ്ശേരിയില്‍ നടന്ന ടൗണ്‍ ശുചീകരണ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷനും പൂതാടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പേപ്പര്‍, പ്ലാസ്റ്റിക്, ബോട്ടില്‍, ചില്ല് മുതലായവ പ്രത്യേകം ചാക്കുകളിലായി തരം തരിച്ച് 35 ചാക്ക് മാലിന്യം ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ചു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മിനി പ്രകാശന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സണ്ണി, വാര്‍ഡ് മെമ്പര്‍ കെ.ടി മണി, ഹരിത കേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍ പി.എം മഞ്ജു, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ബിന്ദു സജി എന്നിവര്‍ സംസാരിച്ചു. വ്യാപാരി വ്യവസായികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ഉദയ പാപ്ലശശേരി വോളിബോള്‍ ക്ലബ്- കുടുംബശ്രീ- ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍, നാട്ടുകാര്‍ പങ്കെടുത്തു.

*ക്വട്ടേഷന്‍ ക്ഷണിച്ചു*

വില്ലേജ് ഓഫീസുകളിലെ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലിനായി ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി 6 മാസ കാലയളവിലേക്ക് 10 വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് പ്രതീക്ഷിക്കുന്ന മാസവാടക സംബന്ധിച്ച ക്വട്ടേഷന്‍ മാര്‍ച്ച് 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വയനാട് കളക്ടറേറ്റില്‍ ലഭ്യമാക്കണം.
ഫോണ്‍ 04936 202251

 

Leave A Reply

Your email address will not be published.

error: Content is protected !!