ഉജ്ജ്വലബാല്യം പുരസ്‌കാര നിറവില്‍ കുപ്പാടി കണ്ണലത്ത് ആദില ഡി നായര്‍. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി നല്‍കുന്ന പുരസ്‌കാരമാണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ആദില ഡി നായര്‍ക്ക് ലഭിച്ചത്. കലാകായിക മേഖലകളിലെ മികവിനാണ് ജനറല്‍ വിഭാഗത്തില്‍ ആദിലയ്ക്ക് പുരസ്‌കാരം ലഭിച്ചത്.
കുപ്പാടി കണ്ണലത്ത് ദിനേഷ് – ഷീല ദമ്പതികളുടെ രണ്ടാമത്തെ മകളായ ആദില . ജില്ലയില്‍ ജനറല്‍ കാറ്റഗറി വിഭാഗത്തില്‍ ഈ പുരസ്‌കാരം നേടിയത് ആദിലയാണ്. ചെറുപ്പം മുതലെ കലാകായിക മേഖലകളില്‍ കഴിവുതെളിയിച്ചയാളാണ് ആദില. സ്‌കൂള്‍, ജില്ലാ സ്റ്റേറ്റ്, നാഷ്ണല്‍ തലങ്ങളില്‍ വിവിധ മേഖലകളിലായി നിരവധി അവാര്‍ഡുകളും ആദില എന്ന എട്ടാംക്ലാസുകാരി ഇതിനോടകം വാരിക്കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ദേശീയ കാരട്ടെ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാണ് ഈ മിടുക്കി. ലഹരിക്കെതിരെ നല്ലൊരു നാളേക്കായി എന്നപേരില്‍ ഹ്രസ്വചിത്രവും ഒരുക്കിയിട്ടുണ്ട്. പെന്‍സില്‍ ഡ്രോയിങ്ങിനുപുറമെ, വുഡ് ആര്‍ട്ട്, കോഫി ആര്‍ട്ട്, വേസ്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള വര്‍ക്കുകള്‍ തുടങ്ങിയവയും ആദില ചെയ്യുന്നുണ്ട്. ജവഹര്‍ ബാല്‍മ്ഞ്ചിന്റെ സജീവ പ്രവര്‍ത്തക കൂടിയായ ആദിലയക്ക് ഭാവിയില്‍ ലോകമറിയുന്ന ആര്‍ട്ടിസ്റ്റാവാനാണ് താല്‍പര്യം. സുല്‍ത്താന്‍ ബത്തേരി ഡ്ബ്ല്യൂഎംഒ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആദില. ഏക സഹോദരി ആഞ്ചല ഡി നായര്‍ മൈസൂര്‍ ജെ എസ് എസ് കോളജില്‍ ഫിസിയോ തെറാപ്പി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.