സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ ജില്ലയില്‍ വിപുലമായ പ്രദര്‍ശന- വിപണന മേളയും ഏഴ് ദിവസത്തെ വികസന സെമിനാറുകളും കലാ- സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും നേതൃത്വത്തിലുള്ള മേള നടക്കുക. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളും സംസ്ഥാനം മികച്ച നിലവാരത്തിലെത്തിയതിന്റെ ചരിത്രവും നേടിയ അംഗീകാരങ്ങളും ഉള്‍പ്പെടുത്തിയും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പൊതു ജനങ്ങള്‍ക്ക് എപ്രകാരം ഉപയുക്തമാകുന്നു എന്ന് ചിത്രീകരിച്ചുമുള്ള പ്രദര്‍ശനവുമാണ് സംഘടിപ്പിക്കുക. കേരളത്തിലെ 10 അനുഭവങ്ങള്‍ റീക്രിയേറ്റ് ചെയ്യുന്ന ടൂറിസം വകുപ്പിന്റെ ഇടനാഴി, പി.ആര്‍.ഡിയുടെ എന്റെ കേരളം പ്രദര്‍ശനം, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള എം.എസ്.എം.ഇകളുടെ വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, കൃഷി വകുപ്പിന്റെ പ്രത്യേക പവലിയന്‍ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷകങ്ങളായിരിക്കും. എല്ലാ ദിവസവും വികസന സെമിനാറുകളും വിനോദ പരിപാടികളും സംഘടിപ്പിക്കും. വിവിധ വകു്പപുകളുടെ സേവനങ്ങളും പ്രദര്‍ശന നഗരിയില്‍ ലഭ്യമാകും.മേളയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തേണ്ട വിവിധ പരിപാടികള്‍ യോഗം ആസൂത്രണം ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യ രക്ഷാധികാരിയും എം.എല്‍.എമാരായ ടി സിദ്ധിഖ്, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ എ ഗീത ചെയര്‍പേഴ്‌സനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ ഗീത, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം ഷാജു എന്‍.ഐ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.