ജപ്തി നടപടികള്‍ പിന്‍വലിക്കണം :നിയമസഭയില്‍ ടി സിദ്ദീഖ് എംഎല്‍എ

0

സര്‍ഫാസിനിയമത്തിന്റെ പിന്‍ബലത്തില്‍ ജില്ലയില്‍ കര്‍ഷകരുടെ വായ്പയിന്‍മേല്‍ നടത്തുന്ന ഭീഷണിയും ജപ്തി നടപടികളും പിന്‍വലിച്ച് കാര്‍ഷിക കടം എഴുതി തള്ളണെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് നിയമസഭയില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പന്ത്രണ്ടായിരത്തോളം കര്‍ഷകര്‍ക്കാണ് റവന്യൂ റിക്കവറി നടപടി ആരംഭിച്ചിട്ടുള്ളത്.

ജില്ലയില്‍ കോവിഡ് മഹാമാരിയെക്കാള്‍ ഇപ്പോള്‍ കര്‍ഷകരെ ഭയപ്പെടുത്തുന്നത് ബാങ്കുകളുടെ ജപ്തി ഭീഷണിയാണെന്ന് കല്‍പ്പറ്റ എം.എല്‍ എ ടി.സിദീഖ് നിയമ സഭയില്‍ പറഞ്ഞു. നിലവില്‍ 11600-ഓളം കര്‍ഷകര്‍ക്കെതിരെയാണ് റവന്യു റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. 4440 കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കി കഴിഞ്ഞു. രണ്ടായിരത്തോളം കര്‍ഷകര്‍ക്കെതിരെ
സര്‍ഫാസി നിയമം പ്രയോഗിച്ച് തുടങ്ങി.
ഇതു കൂടാതെ കെ.എസ്.എഫ്.ഇ യില്‍ നിന്ന് വായ്പയെടുത്തവര്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ എല്ലാം തിരിച്ചടവിന് നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ടി.സിദീഖ് എം.എല്‍ എ ചൂണ്ടികാട്ടി.

വിലയില്ലാത്തതിനാല്‍ ഇഞ്ചി കര്‍ഷകരില്‍ പലരും വിളവെടുപ്പ് നടത്തിയിട്ടില്ല. കടാശ്വാസ കമ്മീഷന്‍ കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിച്ചെങ്കിലും സിറ്റിംഗ് നടത്തി തീര്‍പ്പാക്കുകയോ കടാശ്വാസം നല്‍കുകയോ ചെയ്തിട്ടില്ല. മുമ്പ് തീര്‍പ്പാക്കിയ കേസുകളില്‍ 30 കോടിയോളം രൂപ ബാങ്കുകള്‍ക്ക് നല്‍കാത്തതിനാല്‍ ആശ്വാസ തുക കഴിച്ച് ബാക്കിയുള്ള തുക ബാങ്കില്‍ അടച്ചവര്‍ക്ക് ഇതുവരെ രേഖ തിരിച്ച് കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്നും എല്ലാ കര്‍ഷകരുടേയും കടം എഴുതി തള്ളാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും ടി.സിദ്ധീഖ് ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!