ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല
ജില്ലയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ശൗചാലയങ്ങളില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ദുരിതമായി മാറുന്നു.മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ജില്ലയിലെ മൂന്ന് സബ്ബ് റീജീണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴിലെ ഗ്രൗണ്ടുകളില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാത്തത് നിരവധി പേര്‍ക്ക് ദുരിതമായി മാറുന്നു. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രികളായതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. ഗ്രൗണ്ടുകളിലെ ഡ്രൈവിംഗ് ടെസ്റ്റ് രണ്ട് ഘട്ടങ്ങളിലായതിനാല്‍ തന്നെ ഏറെ നേരം കാത്ത് നില്‍ക്കേണ്ടതായും വരുന്നുണ്ട്.ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി സബ്ബ് റീജ്യണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസുകള്‍ക്ക് കീഴിലായി ഒരു ദിവസം 400 ഓളം ടെസ്റ്റുകള്‍ നടക്കുന്നുണ്ട്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ താത്ക്കാലിക സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം. ഡ്രൈവിംഗ് സ്‌ക്കൂളുകള്‍ ആധുനികവല്‍ക്കരിക്കണമെന്നും നിലവിലെ സംവിധാനങ്ങള്‍ പാടെ മാറ്റണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്കും അടിസ്ഥാി സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നത്.