ജില്ലയില്‍ 600 പേര്‍ക്ക് പട്ടയം നല്‍കും- മന്ത്രി കെ. രാജന്‍

0

സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന മെയ് മാസത്തോടെ വയനാട് ജില്ലയില്‍ ചുരുങ്ങിയത് 600 പേര്‍ക്ക് കൂടി പട്ടയം നല്‍കുമെന്ന് വകുപ്പ് മന്ത്രി കെ. രാജന്‍.ജില്ലയില്‍ 724 പട്ടയ അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 373, വൈത്തിരിയില്‍ 33, മാനന്തവാടിയില്‍ 318 എന്നിങ്ങനെയാണ് അപേക്ഷകള്‍. ഇവ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനും പരമാവധി പട്ടയങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കാനും കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെയും പദ്ധതികളുടെയും പുരോഗതി നേരില്‍ വിലയിരുത്തുന്നതിനാണ് മന്ത്രി ജില്ലയിലെത്തിയത്.ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും വലുതും സങ്കീര്‍ണവുമായ പ്രശ്നം പട്ടയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ തികച്ചും വ്യത്യസ്തമായ പശ്ചാത്തലമാണ് വയനാട് ജില്ലയിലുള്ളത്. വനഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പട്ടയ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമിയുടെ കൈവശ രേഖ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് തികഞ്ഞ ജാഗ്രത വേണം. വയനാട് ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി റവന്യൂ ഓഫീസുകളുടെ സമ്പൂര്‍ണ ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കിയ വയനാട് ജില്ലയെ മന്ത്രി അഭിനന്ദിച്ചു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി, എ.ഡി.എം ഷാജു എന്‍.ഐ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജില്‍ പട്ടയം ലഭിച്ച ആറ് പേര്‍ക്ക് ഭൂമിയുടെ സബ്ഡിവിഷന്‍ ചെയ്തു നല്‍കിയുള്ള രേഖ മന്ത്രി ഭൂവുടമകള്‍ക്ക് കൈമാറി.

Leave A Reply

Your email address will not be published.

error: Content is protected !!