ഡിസംബറിലെ സംഹാര താണ്ഡവം;സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്.

0

ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയര്‍ന്നെത്തിയ തിരമാലകള്‍ 15 രാജ്യങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്. ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഇന്ത്യയില്‍ പതിനായിരത്തോളവും ലോകത്താകമാനം മൂന്ന് ലക്ഷത്തോളം പേര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി.2004 ഡിസംബര്‍ 26ന് ആര്‍ത്തലച്ചെത്തിയ സുനാമി തിരമാലകള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഭൂചലനത്തെ തുടര്‍ന്നുണ്ടായ കടല്‍ത്തിരകള്‍ രാവിലെ 10.45ഓടെയാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിലെത്തിയത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ സുനാമിയുടെ ആഘാതത്തില്‍ വിറച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കൂടുതല്‍ ആഘാതങ്ങളുണ്ടായത്.അലറിവിളിച്ചെത്തിയ തിരമാലകള്‍ ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളി ഗ്രാമമായ വലിയഴിക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞു. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നു. സംസ്ഥാനത്താകെ നൂറ്റി അന്‍പതിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും അടക്കം നിരവധി ജീവനുകള്‍ പൊലിഞ്ഞു. കോടികളുടെ നാശനഷ്ടം വേറെയും.വടക്കന്‍ സുമാത്രയിലുണ്ടായ കടല്‍ ഭൂചലനമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.3 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂചലനമായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!