ദമ്പതികളെ കള്ള കേസില്‍ കുടുക്കിയതായി ആരോപണം
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ തങ്ങളെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും വാഹനത്തില്‍ നിന്നും കണ്ടെത്തിയതാണെന്ന പേരില്‍ പോലീസില്‍ കഞ്ചാവ് പൊതി നല്‍കി കേസെടുപ്പിച്ചതായും ദമ്പതികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.കണിയാമ്പറ്റ കായക്കല്‍ വീട്ടില്‍ അല്‍അമീന്‍,ഭാര്യ തസ്ലീമ എന്നിവരാണ് പനമരം പോലീസിന്റെ നടപടിയില്‍ ആരോപണവുമായി രംഗത്തെത്തിയത്.
സെപ്തംബര്‍ 16 ന് തങ്ങളുടെ മകനെയും കൂട്ടുകാരെയും പനമരം ചങ്ങാടക്കടവില്‍ വെച്ച് ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഈവിഷയം കേസായപ്പോള്‍ ഒത്തുതീര്‍പ്പിനെന്ന പേരില്‍ 23 ന് വിളിച്ച് വരുത്തിയാണ് കേസിലകപ്പെടുത്തിയതെന്നും ദമ്പതികള്‍ പറഞ്ഞു.
മധ്യസ്ഥം പറയാനായി വിളിച്ചു വരുത്തിയ ഇബ്രാഹിം എന്നയാളുടെ വീട്ടില്‍ വെച്ച് തങ്ങളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായും ഈവിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പനമരം സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കൈയ്യിലേക്ക് സംഘത്തില്‍ പെട്ടൊരാള്‍ പൊതി കൈമാറി തങ്ങളുടെ വാഹനത്തില്‍ നിന്നും ലഭിച്ചതാണെന്നറിയിക്കുകയായിരുന്നു.ഇത് പ്രാകരം അന്നത്തെ സി ഐ കേസെടുത്ത് ഫോട്ടോ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്ക് നല്‍കി നിരപരാധികളായ തങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കിയതായും ഇത് സംബന്ധിച്ച് ഉന്നത പലീസുദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍,വനിതാകമ്മീഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയതായും ദമ്പതികള്‍ പറഞ്ഞു.