വര്‍ഷകാലപ്പെയ്ത്തിനെക്കാള്‍ പതിന്മടങ്ങായി തുലാമഴ പെയ്തിറങ്ങിയപ്പോള്‍ നെല്‍കര്‍ഷകര്‍ വിളവെടുപ്പ് കാലത്ത് നേരിടുന്നത് കടുത്ത പ്രതിസന്ധി. സാധാരണ വിളവെടുപ്പാകുമ്പോഴേക്കും വയലുണങ്ങി കിടക്കുന്നത് പതിവ് കാഴ്ചയാണെങ്കില്‍ ഇത്തവണയത് തെറ്റി. പാടശേഖരങ്ങളില്‍ ചെളിയും വെള്ളക്കെട്ടും നിറഞ്ഞതോടെ നെല്ല് വിളവെടുത്ത് മെതയിടേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മരക്കടവ് മേഖലയില്‍ പാടങ്ങളില്‍ കൊയ്തെടുത്ത നെല്‍കതിരുകള്‍ കറ്റയാക്കി പാടത്ത് മെതയൊരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി അതിശക്തമായി പെയ്ത മഴ മൂലം കൊയ്ത്തുകാലമായിട്ടും പാടത്ത് വെള്ളക്കെട്ടുകളും, ചെളിയും നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വിളവെടുത്ത നെല്ല് നശിച്ചുപോകാതിരിക്കാന്‍ പാടത്ത് തന്നെ കര്‍ഷകര്‍ മെതയൊരുക്കുന്നത്.
പാകമായ നെല്ല് വിളവെടുത്ത ശേഷം ചെറിയ കറ്റകളാക്കി കെട്ടി ചെറിയ കൂമ്പാരമാക്കി അടുക്കിവെച്ചാണ് മെതയൊരുക്കിയിരിക്കുന്നത്. മഴ പെയ്താല്‍ വെള്ളമിറങ്ങി നശിക്കില്ലെന്നതാണ് ഇത്തരത്തില്‍ മെതയിടുന്നത് കൊണ്ടുള്ള പ്രയോജനം. കൊയ്ത്തും, മെതിയും ഒരേസമയം നടത്താന്‍ സാധിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു കഴിഞ്ഞ ഈ മേഖലകളിലെല്ലാം വിളവെടുപ്പ് നടത്തിയത്. എന്നാല്‍ പാടത്ത് ചെളി നിറഞ്ഞതോടെ യന്ത്രത്തിന് വയലിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നെല്ല് കൊയ്‌തെടുത്ത് മറ്റൊരിടത്തേക്ക് മാറ്റാന്‍ ആവശ്യമായ ജോലിക്കാരെയും കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്ന് മരക്കടവിലെ കര്‍ഷകര്‍ പറയുന്നു.
വേനല്‍ ശക്തമായി വയലുണങ്ങിയാല്‍ ഈ മെത പൊളിച്ച് ഒക്കലിട്ട് നെല്ലും വൈക്കോലും വേര്‍തിരിക്കും. ഒരു ഏക്കര്‍ സ്ഥലത്തെ നെല്ല് കൊയ്ത് മെത വെക്കാന്‍ 3500 രൂപ മുതല്‍ 4000 രൂപ വരെ ചിലവ് വരുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇനി മെത പൊളിച്ച് നെല്ല് വേര്‍തിരിക്കുന്നത് വരെയുള്ള ചിലവ് കൂടി കണക്കാക്കിയാല്‍ ഇത്തവണത്തെ കൃഷി കനത്ത നഷ്ടത്തില്‍ കലാശിക്കുന്ന സാഹചര്യമാണുള്ളത്. യന്ത്രം ഉപയോഗിച്ച് വിളവെടുക്കുകയാണെങ്കില്‍ മണിക്കൂറിന് നിശ്ചിതതുക നല്‍കിയാല്‍ മതിയാവും.
അതിവേഗത്തില്‍ വിളവെടുപ്പ് പൂര്‍ത്തിയായി പാടത്ത് വെച്ച് തന്നെ നെല്ല് വേര്‍തിരിച്ചെടുക്കാനും, വൈക്കോല്‍ വില്‍പ്പനക്കും സ്വന്തം ഉപയോഗത്തിനും കഴിയുന്ന വിധത്തില്‍ കെട്ടാക്കി മാറ്റാനും യന്ത്രം കൊണ്ട് സാധിക്കുമായിരുന്നു. കനത്തമഴ മൂലം പാടത്ത് ചെളി നിറഞ്ഞതോടെ ഇത്തവണ കൊയ്ത്തും പ്രയാസകരമായിരുന്നു. കൊയ്ത്ത് വൈകിയതോടെ മൂപ്പെത്തിയ കതിരുകള്‍ അടര്‍ന്നുവീണുവെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗന്ധകശാല പോലുള്ള പരമ്പരാഗത നെല്ലിനങ്ങള്‍ നടുന്ന പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വീണുകിടക്കുന്ന അവസ്ഥയാണുള്ളത്. ഇത് കൊയ്‌തെടുക്കാന്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മഴ വീണ്ടും ശക്തമായി പെയ്താല്‍ നെല്ലുകള്‍ അടര്‍ന്നുവീണ് മുളക്കുകയും ചെയ്യും. വന്യമൃഗശല്യത്തെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നതിനിടെയാണ് കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ ഇരട്ടി ജോലി ചെയ്യേണ്ടിവരുന്നത്.