പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവം അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി
ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി മരിച്ച സംഭവം അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി.മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനിടെ ബന്ധുക്കള്‍ ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡി. എം.ഒ യോട് മന്ത്രി ആവശ്യപ്പെട്ടത്.
നവംബര്‍ നാലിനാണ് 24 കാരിയായ അനിഷ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29 ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് അനിഷയെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്.ഒപ്പറേഷനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. തുടര്‍ന്ന് അനിഷയ്ക്ക് ബ്ലീഡിങ്ങ് ഉണ്ടാവുകയും ഗുരതരാവസ്ഥയില്‍ ഐ സി യുവിലേക്ക് മാറ്റുകയുമായിരുന്നു. ഇരുപത് മണിക്കൂറിന് ശേഷം അനിഷയ്ക്ക് അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുകളെ അറിയിക്കുകയും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് തന്റെ മകള്‍ മരിക്കാനിടയായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികണമെന്നും ബന്ധുക്കള്‍നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് മെഡിക്കല്‍ കോളേജിലെത്തിയ മന്ത്രിയുടെ മുന്‍പില്‍ ബന്ധുകള്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശമുണ്ടായത്.