ദീപുവിന്റെ കേസില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ :ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം

0

മീനങ്ങാടിയലെ ആദിവാസി യുവാവ് ദീപുവിനെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ അടിയന്തിര ഇടപെടല്‍.ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ല പോലീസ് മേധാവിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശിച്ചു.ഈ മാസം 5 നാണ് കാര്‍ മോഷണ കുറ്റം ചുമത്തി മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.വാഹനമോടിക്കാനറിയാത്ത ദീപുവിനെ പോലീസ് കള്ള കേസില്‍ കുടുക്കിയതാണെന്നാരോപിച്ച് കുടുംബം കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ അദാലത്തിലെത്തില്‍ പരാതി കൊടുത്തിരുന്നു.

തുടര്‍ന്നാണ് കമ്മീഷന്‍ അംഗം കെ. ബൈജു നാഥ് വിഷയത്തില്‍ അടിയന്തിരമായി വിശദമായ അന്വേഷണം നടത്താനും എത്രയും പെട്ടെന്ന്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ജില്ല പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പോലീസ് റിപ്പോര്‍ട്ട് കമ്മീഷന് ലഭിച്ചാല്‍ അടുത്തു നടക്കുന്നഅദാലത്തില്‍ കേസ് പരിഗണിക്കും . ബത്തേരി പോലീസ് മീനങ്ങാടി പോലീസിന് കൈമാറിയ ദീപുവിന്റെ കുറ്റസമ്മത മൊഴി പ്രകാരം മീനങ്ങാടിയിലെ രണ്ട് മോഷണ കേസുകളില്‍ കൂടി പ്രതിയായ ദീപു റിമാന്റിലാണ്. ദീപുവിനെ ബത്തേരി പോലീസ് അന്യായമായി പ്രതി ചേര്‍ക്കുകയാണെന്നാരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞു. വയനാട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുമെന്നും പറഞ്ഞിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!