സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ; ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി

0

ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ. റിലേ നില്‍പ് സമരവും നവംബര്‍ 16ലെ കൂട്ട അവധി എടുക്കല്‍ സമരവും പിന്‍വലിക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ നിസഹകരണ പ്രതിഷേധം തുടരുമെന്നും സര്‍ക്കാര്‍ ഡോക്ടേഴ്‌സ് അറിയിച്ചു.

 

രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു കെജിഎംഒഎയുടെ ആരോപണം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെഒക്ടോബര്‍ നാല് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ പ്രതിഷേധത്തിലാണ്.

രോഗീപരിചരണം മുടങ്ങാതെഇസഞ്ജീവനി, അവലോകന യോഗങ്ങള്‍, പരിശീലന പരിപാടികള്‍, വിഐപി ഡ്യൂട്ടികള്‍ എന്നിവ ബഹിഷ്‌കരിച്ചാണ് സമരം. ഗാന്ധിജയന്തി ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരവും നടത്തി. ഈ സമരങ്ങളെല്ലാം കണ്ടിട്ടും ഡോക്ടര്‍മാരുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചിരുന്നു

കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കെജിഎംഒഎ കുറ്റപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!