പുനരധിവാസത്തിന്റെ പേരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; ദുരിതംപേറി പങ്കളം വനഗ്രാമത്തിലെ ഗോത്രകുടുംബങ്ങള്‍. വയനാട് വന്യജീവിസങ്കേതത്തിലെ തോട്ടാമൂലയ്ക്ക് സമീപമുളള വനഗ്രാമമായ പങ്കളത്തെ എട്ട് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പുനരധിവാസം എന്നുനടക്കുമെന്ന് പോലുമറിയാതെയാണ് കുടംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇവര്‍ ഇവിടെ കഴിയുന്നത്.4 വശവും വനത്താല്‍ ചുറ്റുപ്പെട്ടുകിടക്കുന്ന പങ്കളം ഗ്രാമവാസികളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ ദുരിതത്തില്‍ കഴുയുന്നത്. ലീസ് ഭൂമിയില്‍പെടുന്ന ഈഗ്രാമത്തിലേക്ക് എത്തിപ്പെടണമെങ്കില്‍ വനത്തിലൂടെ അരകിലോമീറ്ററോളം നടന്നുവേണം. ഇതിനുപുറമെ കോളനിയില്‍ വൈദ്യുതിയോ വാസയോഗ്യമായ വീടുകളോ ഇല്ല. ഈ ഗ്രാമത്തില്‍ കുറുമ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെടുന്ന 12-ളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ നാല് കുടുംബങ്ങള്‍ കുട്ടികളുടെ പഠനസൗകര്യം കണക്കിലെടുത്ത് കാടിനുപുറത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. ബാക്കിയുള്ള എട്ട് കുടുംബങ്ങളാണ് അടിസ്ഥാനസൗകര്യങ്ങള്‍ എത്തിനോക്കാത്ത ഈ ഗ്രാമത്തില്‍ ദുരിതത്തില്‍ കഴിയുന്നത്. വന്യജീവിസങ്കേതത്തില്‍ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗ്രാമമായതിനാല്‍ സര്‍ക്കാറിന്റെ യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുമില്ല. അതിനാല്‍ തന്നെ ഇവരുടെ വീടുകള്‍ കാലപ്പഴക്കത്താല്‍ തകര്‍്ച്ചയുടെ വക്കിലാണ്. ലീസ് ഭൂമികൂടി ആയതിനാല്‍ വീട് നവീകരിക്കുന്നതിനും വനംവകുപ്പും തടസ്സം നില്‍ക്കുകയാണ്. കാലപ്പഴക്കത്താല്‍ തകര്‍ന്ന വീടിന്റെ മേല്‍ക്കൂര സ്വന്തംനിലയില്‍ പറമ്പിലെ മരം മുറിച്ച് നന്നാക്കാമെന്നുവെച്ചാലും അതിനും അനുമതി നിഷേധിക്കുകയാണന്ന് കുടുംബങ്ങള്‍ പറയുന്നു. പദ്ധഥിപ്രകാരം തങ്ങളെ എന്നുപുറത്തേക്ക് മാറ്റുമെന്ന കാര്യത്തിലും ഇവര്‍ക്ക് അറിയില്ല. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയോ കാടിനുപുറത്തേക്ക് പുനരധിവസിപ്പിക്കുകയോ ചെയ്യാതെ തങ്ങളെ തീരാദുരിതത്തിലാക്കുകയാണന്നാണ് കുടുംബങ്ങള്‍ പറയുന്നത്.