സ്‌കൂള്‍ തുറക്കല്‍:വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും മന്ത്രി എ.കെ ശശീന്ദ്രന്‍

0

ജില്ലയിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടിതല്ലെന്നും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഉറപ്പാക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. സ്‌കൂള്‍ തുറക്കല്‍, മഴക്കെടുതി എന്നിവ വിലയിരുത്തുന്നതിനായി വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ തുറക്കുന്നതിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി നടപ്പാക്കും.രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. ഭൂരിഭാഗം അധ്യാപകരും അനധ്യാപകരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എസ്.പി.സിയുടെ സേവനവും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യ ദിവസങ്ങളില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പോലീസ് സാന്നിധ്യമുണ്ടാകും. ആവശ്യമെങ്കില്‍ എസ്.പി.സിയുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഒന്നര വര്‍ഷത്തോളം സ്‌കൂളുകള്‍ അടഞ്ഞ് കിടന്നതുമൂലമുളള പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞതായി വിദ്യഭ്യാസ വകുപ്പ് അറിയിച്ചു. അറ്റകുറ്റ പണികളും ശുചീകരണ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. തൊട്ടടുത്ത ദിവസം തന്നെ ഇവയെല്ലാം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഒരു ദിവസത്തെ സേവനം വിട്ടു നല്‍കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനുളള ഗോത്രസാരഥി പദ്ധതിക്കായി ഫണ്ട് വകയിരുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കാന്‍ ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഈ ആവശ്യത്തിന് തുക വകയിരുത്തുന്നതിനായി പദ്ധതി ഭേദഗതിയ്ക്ക് അവസരം നല്‍കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ പ്ലസ് വണിന് അധിക ബാച്ച് ആരംഭിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളള യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എമാര്‍ അടക്കമുളള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!